ആത്മീയ ജീവിതം മുരടിച്ചുപോകാതെ വളരണമെങ്കില്‍ കര്‍ത്താവിനോടുള്ള ബന്ധം ഊഷ്മളമായിരിക്കണം: റവ. ജേക്കബ് ജോര്‍ജ്

By: 600002 On: Feb 25, 2026, 5:34 AM



 

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ലോകമെമ്പാടുമുള്ള വിശ്വാസികളെ കോര്‍ത്തിണക്കി നടത്തുന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനിന്റെ 615-ാമത് സമ്മേളനം 2026 ഫെബ്രുവരി 24 ചൊവ്വാഴ്ച രാത്രി 9 മണിക്ക് ഭക്തിനിര്‍ഭരമായി നടന്നു. ഹൂസ്റ്റണിലെ സി.എസ്.ഐ സീനിയര്‍ വൈദികന്‍ റവ. ജേക്കബ് ജോര്‍ജ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി.

ഇന്ന് നാം 615-ാമത് സെഷന്‍ പിന്നിട്ട് 616-ലേക്ക് പ്രവേശിക്കുമ്പോള്‍, കഴിഞ്ഞ കാലമത്രയും നമ്മെ നടത്തിയ ദൈവത്തിന് സ്‌തോത്രം ചെയണമെന്നും,നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും ദൈവസാന്നിധ്യത്തില്‍ സന്തോഷത്തോടെയും നന്ദിയോടെയും ചെലവഴിക്കാനും  നമുക്ക് സാധിക്കണം.നമ്മുടെ ആത്മീയ ജീവിതം മുരടിച്ചുപോകാതെ വളരണമെങ്കില്‍ കര്‍ത്താവിനോടുള്ള ബന്ധം ഊഷ്മളമായിരിക്കണം. ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും ലളിതമായ കാര്യങ്ങളില്‍ പോലും ദൈവത്തെ ഓര്‍ത്തുകൊണ്ട് ഓരോ കാര്യങ്ങളും അവന്റെ സന്നിധിയില്‍ സമര്‍പ്പിക്കണമെന്നു അച്ചന്‍ ഉദ്‌ബോധിപ്പിച്ചു.

കയീന്റെയും ഹാബേലിന്റെയും വഴിപാടുകള്‍: ഉല്പത്തി പുസ്തകം 4-ാം അധ്യായത്തില്‍ നാം വായിക്കുന്നത് പോലെ, കയീന്‍ നിലത്തെ ഫലങ്ങളില്‍ നിന്നും യഹോവയ്ക്ക് വഴിപാട് അര്‍പ്പിച്ചു. എന്നാല്‍ നമ്മുടെ വഴിപാടുകള്‍ വെറുമൊരു ചടങ്ങായി മാറരുത്. ഹൃദയപരമാര്‍ത്ഥതയോടെയും ദൈവത്തിന് പ്രസാദകരമായ രീതിയിലും ആയിരിക്കണം നമ്മുടെ സമര്‍പ്പണങ്ങളെന്നും അച്ചന്‍ ഓര്‍മിപ്പിച്ചു.

നാം നന്മയുള്ളവരായിരിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. ലോകം നമ്മെ ഒരുപക്ഷേ ഒഴിവാക്കിയേക്കാം, എന്നാല്‍ നമ്മുടെ ഉള്ളില്‍ ദൈവത്തിന്റെ ആത്മാവ് ഉള്ളതുകൊണ്ട് നാം അനുഗ്രഹിക്കപ്പെട്ടവരാണ്. പ്രായമായവരോടും കുഞ്ഞുങ്ങളോടും ഒരുപോലെ സ്‌നേഹത്തോടെയും കരുതലോടും കൂടെ പെരുമാറാന്‍ നമുക്ക് സാധിക്കണം. നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്ക് ഒരു സന്ദേശമായി മാറട്ടെ, അച്ചന്‍ തന്റെ പ്രസംഗം ഉപസംഹരിച്ചു

ഡെട്രോയിറ്റില്‍ നിന്നുള്ള സി. വി. സാമുവല്‍ സ്വാഗതമാശംസിച്ചു. പുതിയ ജന്മദിനവും  വിവാഹ വാര്‍ഷീകവും ആഘോഷിക്കുന്നവര്‍ക് ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനിന്റെ ആശംസകള്‍ അറിയിച്ചു  ചടങ്ങില്‍ ജയരാജ് തോമസ് (രാജു, ഡെട്രോയിറ്റ്) പ്രാരംഭ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.നിശ്ചയിക്കപ്പെട്ട പാഠ ഭാഗം ഉല്പത്തി പുസ്തകം 4-ാം അധ്യായം 1 മുതല്‍ 7 വരെയുള്ള വാക്യങ്ങള്‍ ലിസ തോമസ് (ഡെട്രോയിറ്റ്) വായിച്ചു .

മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് ജോസഫ് ടി. ജോര്‍ജ് (രാജു, ഹൂസ്റ്റണ്‍) നേതൃത്വം നല്‍കി. ടി. എ. മാത്യു (ഹൂസ്റ്റണ്‍) നന്ദി അറിയിച്ചു. സമാപന പ്രാര്‍ത്ഥനയും ആശീര്‍വാദവും റവ. ഡോ. ഇട്ടി മാത്യൂസ് (ഡെട്രോയിറ്റ്) നിര്‍വ്വഹിച്ചു. ഷിജു ജോര്‍ജ്, ജോസഫ് ടി. ജോര്‍ജ് എന്നിവര്‍ സാങ്കേതിക സഹായങ്ങള്‍ ഏകോപിപ്പിച്ചു.

ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനിന്റെ 616-ാമത് സെഷന്‍ അടുത്ത ചൊവ്വാഴ്ച (മാര്‍ച്ച് 3, 2026) നടക്കും. ഡെട്രോയിറ്റ് സി.എസ്.ഐ സഭയിലെ റവ. ഡോ. ഇട്ടി മാത്യൂസ് ആയിരിക്കും അടുത്ത ആഴ്ചയിലെ മുഖ്യപ്രഭാഷകനെന്നു ടി. എ. മാത്യു അറിയിച്ചു.