പി പി ചെറിയാന്‍
അനാപൊളിസ്, മേരിലാന്‍ഡ്: മേരിലാന്‍ഡ് ലഫ്റ്റനന്റ് ഗവര്‍ണര്‍ അരുണ മില്ലര്‍ രണ്ടാം ഊഴത്തിനായി ഔദ്യോഗികമായി പത്രിക സമര്‍പ്പിച്ചു. ഗവര്‍ണര്‍ വെസ് മൂറിനൊപ്പമാണ് ഫെബ്രുവരി 23-ന് അനാപൊളിസിലെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇലക്ഷന്‍സ് ആസ്ഥാനത്തെത്തി അവര്‍ പത്രിക നല്‍കിയത്. 2026 ജൂണ്‍ 23-ന് നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകൂടത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകും ഇവര്‍ ജനങ്ങളെ സമീപിക്കുക.
മേരിലാന്‍ഡില്‍ ഒരു സ്റ്റേറ്റ് വൈഡ് ഓഫീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വംശജയും ആദ്യ ദക്ഷിണേഷ്യന്‍ വനിതയുമാണ് അരുണ മില്ലര്‍.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ശിശുദാരിദ്ര്യം കുറയ്ക്കുന്നതിനും വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിനും അവര്‍ നിര്‍ണായക പങ്ക് വഹിച്ചു. ലൈഫ് സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ വന്‍കിട നിക്ഷേപങ്ങള്‍ എത്തിക്കുന്നതിലും ഭരണകൂടം വിജയിച്ചു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആധുനികീകരിക്കുന്നതിനും ബിസിനസ്സ് നടപടികള്‍ ലളിതമാക്കുന്നതിനുമുള്ള പരിഷ്‌കാരങ്ങള്‍ക്ക് അരുണ മില്ലര്‍ നേതൃത്വം നല്‍കി.
'മേരിലാന്‍ഡ് കൈവരിച്ച പുരോഗതിയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. എല്ലാ പൗരന്മാര്‍ക്കും ഇതിന്റെ ഗുണഫലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' പത്രിക സമര്‍പ്പണത്തിന് ശേഷം അരുണ മില്ലര്‍ പറഞ്ഞു.
ന്യൂനപക്ഷ-അഭയാര്‍ത്ഥി സമൂഹങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അരുണ മില്ലറുടെ സാന്നിധ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.