കാനഡയിൽ അഭയം തേടിയെത്തുന്നവർക്ക് നൽകുന്ന വിപുലമായ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ പുനഃപരിശോധിക്കണമെന്നും അർഹതയില്ലാത്തവർക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കൺസർവേറ്റീവ് പാർട്ടി ചൊവ്വാഴ്ച ഹൗസ് ഓഫ് കോമൺസിൽ പ്രമേയം അവതരിപ്പിക്കും. അഭയാർത്ഥികൾക്കായുള്ള ഹെൽത്ത് പ്രോഗ്രാമിൻ്റെ ചിലവ് 2029-ഓടെ പ്രതിവർഷം 1.5 ബില്യൺ ഡോളറായി ഉയരുമെന്ന പാർലമെൻ്ററി ബജറ്റ് ഓഫീസറുടെ റിപ്പോർട്ടിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പിയറി പൊയിലീവറുടെ ഈ നീക്കം.
സാധാരണ കാനഡക്കാർക്ക് പോലും ലഭിക്കാത്ത ദന്തചികിത്സ, കാഴ്ച പരിശോധന തുടങ്ങിയ അധിക ആനുകൂല്യങ്ങൾ നികുതിപ്പണം ഉപയോഗിച്ച് അഭയാർത്ഥികൾക്ക് നൽകുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോഗ്യ പരിരക്ഷാ നിയന്ത്രണങ്ങൾക്ക് പുറമെ, കാനഡയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദേശ പൗരന്മാരെ അടിയന്തരമായി നാടുകടത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. വ്യാജ അഭയാർത്ഥി അപേക്ഷകൾ നൽകി രാജ്യത്തെ സേവനങ്ങളെ ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് പൊയിലീവർ വ്യക്തമാക്കി. നിലവിൽ ഇത്തരം അപേക്ഷകരിൽ പലർക്കും ലഭിക്കുന്ന വിപുലമായ ചികിത്സാ സഹായങ്ങൾ അടിയന്തര ഘട്ടങ്ങളിൽ മാത്രം പരിമിതപ്പെടുത്തണമെന്നാണ് കൺസർവേറ്റീവ് പാർട്ടിയുടെ നിലപാട്. എന്നാൽ അഭയാർത്ഥികൾക്കായി മെയ് ഒന്ന് മുതൽ ചികിത്സാ ചിലവിൻ്റെ ഒരു ഭാഗം ഈടാക്കുന്ന (Co-pay) സംവിധാനം നടപ്പിലാക്കുമെന്ന് ലിബറൽ സർക്കാർ അറിയിച്ചിട്ടുണ്ട്.