വരാനിരിക്കുന്ന ബജറ്റിൽ ഡോക്ടർമാർക്കായി നീക്കിവെക്കുന്ന തുകയിൽ 20 ശതമാനത്തിലധികം വർദ്ധനവ് വരുത്താൻ പദ്ധതിയിടുന്നതായി ആൽബർട്ട സർക്കാർ. പുതിയ ബജറ്റിന് മുന്നോടിയായി പ്രീമിയർ ഡാനിയൽ സ്മിത്താണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ ആരോഗ്യസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നിർണ്ണായക നീക്കം.
ഈ വർഷം ഡോക്ടർമാർക്കായി മാത്രം 7.7 ബില്യൺ ഡോളറാണ് സർക്കാർ ചെലവിടുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 22 ശതമാനം (ഏകദേശം 1.4 ബില്യൺ ഡോളർ) അധികമാണിത്. ബജറ്റിൽ അധികമായി അനുവദിച്ച തുകയുടെ വലിയൊരു ഭാഗവും ഡോക്ടർമാരുടെ ശമ്പള വർദ്ധനവിനായാണ് നീക്കിവെച്ചിരിക്കുന്നത്. ആരോഗ്യരംഗത്തെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാൻ 450 മില്യൺ ഡോളർ പുതിയ നിയമനങ്ങൾക്കായി (Recruitment) മാറ്റി വെച്ചു. കൂടുതൽ ഡോക്ടർമാരെ അൽബർട്ടയിലേക്ക് ആകർഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഈ വൻ തുക അനുവദിക്കുന്നതോടെ സംസ്ഥാന ബജറ്റ് വലിയൊരു കമ്മിയിലേക്ക് (Deficit) നീങ്ങുമെന്ന് പ്രീമിയർ തുറന്നു സമ്മതിച്ചു. എങ്കിലും ജനങ്ങളുടെ ആരോഗ്യത്തിനാണ് മുൻഗണനയെന്ന് സർക്കാർ വ്യക്തമാക്കി.
സർക്കാരിന്റെ ഈ പ്രഖ്യാപനത്തെ ഒരു വിഭാഗം സ്വാഗതം ചെയ്യുമ്പോൾ തന്നെ മറുഭാഗത്ത് ആശങ്കകളും ഉയരുന്നുണ്ട്. ഡോക്ടർമാരുടെ കാര്യം പരിഗണിക്കുമ്പോൾ തന്നെ നഴ്‌സുമാരുടെ സേവനവും ആശുപത്രികളിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാൻ പണം മാത്രം വാരിക്കോരി ചെലവാക്കിയാൽ പോരെന്നും, കൃത്യമായ ആസൂത്രണം വേണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.