കാനഡയിലെ ക്രെഡിറ്റ് റിപ്പോർട്ടിംഗ് സംവിധാനത്തിൻ്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കാനഡയിലെ യുവ എഞ്ചിനീയറുടെ ദുരനുഭവം. 23 വയസ്സുകാരിയായ സോയി ലോറൻസ് ബോസർ എന്ന എഞ്ചിനീയർക്കാണ് ഇത് മൂലം പ്രശ്നങ്ങൾ നേരിടേണ്ടി വന്നത്. സാധാരണക്കാരെ കുരുക്കിലാക്കുന്ന ഗുരുതരമായ തെറ്റുകൾ തിരുത്താൻ ഏജൻസികൾക്ക് വേണ്ടത്ര താൽപ്പര്യമില്ലെന്നുമാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
2024 ഒക്ടോബറിൽ വന്ന ഒരു ഫോൺ കോളിലൂടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഒരു കളക്ഷൻ ഏജൻസിയിൽ നിന്നായിരുന്നു ആ വിളി. ക്രെഡിറ്റ് കാർഡ് ഇനത്തിൽ ആയിരക്കണക്കിന് ഡോളർ കുടിശ്ശികയുണ്ടെന്നും, ഉടൻ അടച്ചില്ലെങ്കിൽ കാർ കണ്ടുകെട്ടുമെന്നും ശമ്പളം തടഞ്ഞുവെക്കുമെന്നും അവർ ഭീഷണിപ്പെടുത്തി. താൻ അങ്ങനെയൊരു കടം എടുത്തിട്ടില്ലെന്ന് സോയി ആവർത്തിച്ചു പറഞ്ഞിട്ടും അവർ കേൾക്കാൻ തയ്യാറായില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ആരോ സോയിയുടെ പേരും രേഖകളും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയിരുന്നു. ടെലസ്, ഷാ), പിസി ഫിനാൻഷ്യൽ തുടങ്ങിയ പ്രമുഖ കമ്പനികളിൽ സോയിയുടെ പേരിൽ ഏകദേശം 20,000 ഡോളറിന്റെ കടമാണ് തട്ടിപ്പുകാർ ഉണ്ടാക്കിവെച്ചത്.
തന്റേതല്ലാത്ത തെറ്റിന് സോയിക്ക് വലിയ വില നൽകേണ്ടി വന്നു. ക്രെഡിറ്റ് ഏജൻസികളായ ഇക്വിഫാക്സ് , ട്രാൻസ് യൂണിയൻ എന്നിവയുമായി ഒന്നര വർഷത്തോളം അവൾക്ക് മല്ലിടേണ്ടി വന്നു.ഒരു തവണ കടം നീക്കം ചെയ്താൽ അടുത്ത മാസം അത് വീണ്ടും റിപ്പോർട്ടിൽ പ്രത്യക്ഷപ്പെടും. ഇതിനിടയിൽ സോയിയുടെ ശരിക്കുള്ള ലോണുകൾ പോലും ഏജൻസികൾ അബദ്ധത്തിൽ ഡിലീറ്റ് ചെയ്തു. ഇതോടെ അവളുടെ ക്രെഡിറ്റ് സ്കോർ 500-ലേക്ക് താഴ്ന്നു. കാനഡയിൽ ഇത്രയും കുറഞ്ഞ സ്കോർ ഉള്ളവർക്ക് വീടോ കാറോ ലോണോ ലഭിക്കുക അസാധ്യമാണ്.
ഓൺലൈൻ വഴി പരാതി നൽകാനുള്ള സംവിധാനങ്ങൾ പരാജയപ്പെട്ടതും കളക്ഷൻ ഏജൻസികളുടെ നിരന്തരമായ ശല്യവും അവളെ വല്ലാതെ തളർത്തി.ഒടുവിൽ കാനഡയിലെ പ്രമുഖ മാധ്യമമായ സിബിസി (CBC) യുടെ 'ഗോ പബ്ലിക്' എന്ന വിഭാഗം ഈ വാർത്ത ഏറ്റെടുത്തു. മാധ്യമങ്ങൾ ഇടപെട്ടതോടെ ക്രെഡിറ്റ് ഏജൻസികൾ ഉണർന്നു പ്രവർത്തിക്കുകയും സോയിയുടെ രേഖകൾ ശരിയാക്കി നൽകുകയും ചെയ്തു. നിലവിൽ അവളുടെ ക്രെഡിറ്റ് സ്കോർ പൂർവ്വസ്ഥിതിയിലായിട്ടുണ്ടെങ്കിലും, ആ 18 മാസം അനുഭവിച്ച മാനസിക വിഷമം വിവരിക്കാനാവില്ലെന്ന് സോയി പറയുന്നു.