മെക്സിക്കോയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പ്യൂർട്ടോ വല്ലറ്റയിൽ മയക്കുമരുന്ന് മാഫിയകൾ തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതോടെ, അവിടെ കുടുങ്ങിക്കിടക്കുന്ന കനേഡിയൻ പൗരന്മാരുടെ എണ്ണം 26,000 കവിഞ്ഞതായി കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു. കാർട്ടൽ നേതാവ് 'എൽ മെഞ്ചോ' കൊല്ലപ്പെട്ടതിനെത്തുടർന്ന് സായുധ സംഘങ്ങൾ തെരുവുകളിൽ അക്രമം അഴിച്ചുവിടുകയും വാഹനങ്ങൾ കത്തിച്ച് റോഡുകൾ ഉപരോധിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. പൗരന്മാരെ നാട്ടിലെത്തിക്കാൻ നിലവിൽ പ്രത്യേക സൈനിക വിമാനങ്ങളോ ഔദ്യോഗിക സർവീസുകളോ ഏർപ്പെടുത്തിയിട്ടില്ലെന്നും, പകരം എല്ലാവരും താമസസ്ഥലങ്ങളിൽ തന്നെ സുരക്ഷിതരായി തുടരണമെന്നും സർക്കാർ നിർദ്ദേശിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 8,000 പുതിയ രജിസ്ട്രേഷനുകളാണ് മെക്സിക്കോയിലെ കനേഡിയൻ എംബസിയിൽ ലഭിച്ചത്. സാഹചര്യം ഉടൻ സാധാരണ നിലയിലാകുമെന്ന് മെക്സിക്കൻ അധികൃതർ ഉറപ്പുനൽകിയതായി മന്ത്രി ഒട്ടാവയിൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നിരുന്നാലും, ഹെൽപ്പ് ലൈൻ വഴി സഹായം തേടുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്. അക്രമസംഭവങ്ങളിൽ രണ്ട് കനേഡിയൻ പൗരന്മാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. മെക്സിക്കോയിലെ വിവിധ സംസ്ഥാനങ്ങളിൽ സുരക്ഷാ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് ഗ്ലോബൽ അഫയേഴ്‌സ് കാനഡ ആവർത്തിച്ചു.