പി പി ചെറിയാന്‍
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലാ സഹകരണ ആശുപത്രി മുന്‍ മെഡിക്കല്‍ സൂപ്രണ്ടും പ്രശസ്ത ചികിത്സകയുമായ ഡോ. പി. കെ. രമണി (72) അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി തൃശ്ശൂരിലെ വസതിയിലായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെക്കാലം തൃശ്ശൂരിലെ ആരോഗ്യരംഗത്ത് സജീവസാന്നിധ്യമായിരുന്ന ഡോക്ടര്‍, കരുണാര്‍ദ്രമായ പെരുമാറ്റത്തിലൂടെയും പുഞ്ചിരിയോടെയുള്ള ചികിത്സയിലൂടെയും ജനമനസ്സുകളില്‍ ഇടംനേടിയ വ്യക്തിത്വമായിരുന്നു.
തൃശ്ശൂര്‍ പൊന്നാരശ്ശേരി കാപ്പന്റെയും കാര്‍ത്യായനിയുടെയും മകളായി 1953 ഡിസംബര്‍ 12-നാണ് ജനനം. തൃശ്ശൂരിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനും ബി.എസ്.സി പഠനത്തിനും ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 18-ാം ബാച്ചില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടി.
തൃശ്ശൂര്‍ ജില്ലാ സഹകരണ ആശുപത്രിയില്‍ അഞങഛ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ. രമണി, നീണ്ട 35 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം മെഡിക്കല്‍ സൂപ്രണ്ട് ആയിട്ടാണ് വിരമിച്ചത്. ആശുപത്രിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച അവര്‍ രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു.
പരേതനായ രവി കെ. കുരുവങ്ങാട്ടില്‍ ആണ് ഭര്‍ത്താവ്.
മകന്‍: ലഫ്റ്റനന്റ് കേണല്‍ നവീന്‍ കെ. ആര്‍.
മരുമകള്‍: മേജര്‍ (റിട്ട.) സീമ കുമാരി.
കൊച്ചുമകള്‍: യഷ കെ. എന്‍.
ഡോ. പി. കെ. രമണിയുടെ നിര്യാണത്തില്‍ തൃശ്ശൂര്‍ ജില്ലാ സഹകരണ ആശുപത്രി ഭരണസമിതിയും ജീവനക്കാരും അഗാധമായ ദുഃഖം രേഖപ്പെടുത്തി. ആശുപത്രി പ്രസിഡന്റ് റ്റി. കെ. പൊറിഞ്ചു, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ രാംദാസ്, ജീവനക്കാരെ പ്രതിനിധീകരിച്ച് സ്റ്റാന്‍ലി ജോസഫ് എന്നിവരും അനുശോചനം രേഖപ്പെടുത്തി.
ഭൗതികശരീരം ഫെബ്രുവരി 23 തിങ്കളാഴ്ച തൃശ്ശൂരിലെ വസതിയായ 'ആയില്യം' (36/705, വി.പി.എന്‍ ലെയിന്‍) മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ഫെബ്രുവരി 24 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് തിരുവില്വാമല ഐവര്‍മഠത്തില്‍ നടക്കും.