ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: അടുത്ത രണ്ടു വര്‍ഷങ്ങള്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കി അമേരിക്കന്‍ മാധ്യമ രംഗത്ത് സജീവ സാന്നിധ്യമാകുവാന്‍ പ്രതിജ്ഞയെടുത്ത് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ 2026-27 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.
ഫെബ്രുവരി 19 നു വൈകുന്നേരം 7 മണിക്ക് അപ്നാ ബസാര്‍ ആഡിറ്റോറിയത്തില്‍ നടന്ന ചാപ്റ്റര്‍ പൊതുയോഗത്തില്‍ വച്ചാണ് ഭാരവാഹികള്‍ ചുമതലയേറ്റത്.
ഏപ്രില്‍ മാസത്തില്‍ വിപുലമായ രീതിയില്‍ ചാപ്റ്ററിന്റെ ഔപചാരിക പ്രവത്തനോല്‍ഘാടനം നടത്തുന്നതിനും തീരുമാനിച്ചു.
പ്രസിഡണ്ട് ഫിന്നി രാജുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ജീമോന്‍ റാന്നി സ്വാഗതം ആശംസിച്ചു. ജോയിന്റ് ട്രഷറര്‍ സജി പുല്ലാട് പ്രാര്‍ത്ഥനാ ഗാനം ആലപപിച്ചു.
തുടര്‍ന്ന് ഐപിസിഎന്‍എ ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് കൂടിയായ അനില്‍ ആറന്മുളയ്ക്ക് ഫിന്നിയും ജീമോന്‍ റാന്നി അനുമോദനങ്ങള്‍ അര്‍പ്പിച്ചു.
ഫിന്നി രാജു നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തില്‍ ഹൂസ്റ്റണ്‍ ചാപ്റ്ററിനെ നാളിതു വരെ വളര്‍ത്തി വലുതാക്കി ഇന്ത്യ പ്രസ് ക്ലബ്ബിന്റെ ഏറ്റവും മികച്ച ചാപ്റ്ററുകളില്‍ ഒന്നാക്കി മാറ്റിയ ഭാരവാഹികളോടും പ്രവര്‍ത്തകരോടും ഉള്ള നന്ദി അറിയിച്ചതോടൊപ്പം തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണമ് അഭ്യര്‍ത്ഥിച്ചു.
അനുമോദനങ്ങള്‍ക്ക് നന്ദി അറിയിച്ച അനില്‍ ആറന്‍മുള നാഷണല്‍ കമ്മിറ്റിയുടെ എല്ലാ പിന്തുണയും അറിയിച്ചു. ഏപ്രില്‍ മാസത്തില്‍ ഡാളസില്‍ നടക്കുന്ന ദേശീയ നേതൃത്വത്തിന്റെ പ്രവര്‍ത്തനോല്‍ഘാടനത്തിനു ഏവരെയും ക്ഷണിച്ചു. ഹൂസ്റ്റണ്‍ ചാപ്റ്ററില്‍ നിന്നും മുഴുവന്‍ അംഗങ്ങളെയും പങ്കെടുപ്പിച്ചു ആ സമ്മേളനത്തെ വിജയിപ്പിക്കുന്നതിനും പൊതുയോഗം തീരുമാനിച്ചു.
ട്രഷറര്‍ വിജു വര്‍ഗീസ് സാമ്പത്തികാര്യങ്ങള്‍ വിശദീകരിച്ചു. കൂടുതല്‍ സ്‌പോണ്‍സേഴ്‌സിനെ കണ്ടെത്തി എല്ലാ പരിപാടികളും വിജയിപ്പിക്കുന്നതിന് എല്ലവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു.
പുതിയ വര്‍ഷത്തില്‍ നിരവധി നവീന പദ്ധതികളും പരിപാടികളും നടത്താന്‍ ചാപ്റ്റര്‍ തീരുമാനിച്ചു.
സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാകാന്‍ തീരുമാനിച്ച ചാപ്റ്റര്‍ പൊതു സമൂഹത്തിന്റെ വിഷയങ്ങളില്‍ പ്രതികരിക്കും. ഹൂസ്റ്റണിലെ തിരഞ്ഞെടുക്കപ്പെട്ട മലയാളി ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി 'മാധ്യമ വിചാരണ' ചര്‍ച്ചകള്‍, നിയമസഭ ഇലക്ഷന്‍ ഡിബേറ്റ് , വിനോദ യാത്ര, പ്രസ് മീറ്റുകള്‍ കൂടാതെ എല്ലാ മാസവും പൊതുചര്‍ച്ചകളും സംഘടിപ്പിക്കുന്നതും ഉള്‍പ്പെടുന്നു. ഹ്യൂസ്റ്റണ്‍ മലയാളി സമൂഹത്തിനും പൊതുസമൂഹത്തിനും കൂടുതല്‍ സജീവ സാന്നിധ്യമായി മാറുക എന്നതാണ് ലക്ഷ്യം. പ്രവര്‍ത്തനങ്ങളില്‍ ഹൂസ്റ്റണിലെ എല്ലാ സംഘടനകളുടെയും സഹകരണം ഉറപ്പാക്കും.
മാധ്യമ രംഗത്തെ നിറ സാന്നിധ്യങ്ങളായ സൈമണ്‍ വളാച്ചേരില്‍, ജോയ് തുമ്പമണ്‍, ആന്‍സി ശാമുവേല്‍, ജോര്‍ജ് തെക്കേമല, മോട്ടി മാത്യു, ജോര്‍ജ് പോള്‍, ഡോ. രഞ്ജിത് പിള്ള, അജു വാരിക്കാട്, ഡോ.സുബിന്‍ ബാലകൃഷ്ണന്‍, ജോണ്‍. ഡബ്ലിയു വര്‍ഗീസ്, മൈക്കിള്‍ ജോയ് (മിക്കി) തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. .
തുടര്‍ന്ന് ജോയിന്റ് സെക്രട്ടറി ഡോ. റെയ്ന റോക്ക് നന്ദി രേഖപ്പെടുത്തി. ഡിന്നറിനു ശേഷം യോഗം സമാപിച്ചു.