24 വര്‍ഷത്തെ തിരോധാനം; കാണാതായ അമേരിക്കന്‍ യുവതിയെ ജീവനോടെ കണ്ടെത്തി

By: 600002 On: Feb 23, 2026, 10:04 AM


 

 


പി പി ചെറിയാന്‍

നോര്‍ത്ത് കരോലിന അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ നിന്ന് 2001-ല്‍ കാണാതായ മിച്ചല്‍ ഹണ്ട്‌ലി സ്മിത്ത് (62) എന്ന യുവതിയെ 24 വര്‍ഷങ്ങള്‍ക്ക് ശേഷം ജീവനോടെ കണ്ടെത്തി. റോക്കിംഗ്ഹാം കൗണ്ടി ഷെരീഫ് ഓഫീസാണ് വെള്ളിയാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

2001 ഡിസംബര്‍ 9-നാണ് 38 വയസ്സുകാരിയായിരുന്ന മിച്ചല്‍ ക്രിസ്മസ് ഷോപ്പിംഗിനായി വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് അവരെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.

എഫ്.ബി.ഐ, ഡി.ഇ.എ തുടങ്ങിയ ഏജന്‍സികള്‍ വര്‍ഷങ്ങളോളം അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

കഴിഞ്ഞ വെള്ളിയാഴ്ച ലഭിച്ച പുതിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. പോലീസ് അവരുമായി നേരിട്ട് സംസാരിച്ച് വ്യക്തിത്വം സ്ഥിരീകരിച്ചു.

താന്‍ സുരക്ഷിതയാണെന്നും എന്നാല്‍ ഇപ്പോള്‍ എവിടെയാണെന്ന വിവരം രഹസ്യമായി വെക്കണമെന്നും മിച്ചല്‍ പോലീസിനോട് അഭ്യര്‍ത്ഥിച്ചു. അവര്‍ക്കെതിരെ നിലവില്‍ ക്രിമിനല്‍ കേസുകളൊന്നുമില്ല.

മിച്ചല്‍ സ്വന്തം ഇഷ്ടപ്രകാരം പുതിയൊരു ജീവിതം തിരഞ്ഞെടുത്തതാണെന്ന് മകള്‍ അമണ്ട സ്മിത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അമ്മ ജീവനോടെയുണ്ടെന്ന അറിവ് തന്നെ തങ്ങള്‍ക്ക് വലിയ ആശ്വാസമാണെന്നും അവര്‍ പറഞ്ഞു.

വര്‍ഷങ്ങളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഒരു തിരോധാന കേസിന് ശുഭകരമായ അന്ത്യം കുറിച്ചിരിക്കുകയാണ് അമേരിക്കന്‍ പോലീസ്.