തീപിടിത്തത്തിന് സാധ്യത: കാനഡയിൽ 20,000 പവർ ബാങ്കുകൾ തിരിച്ചുവിളിച്ചു

By: 600110 On: Feb 23, 2026, 9:00 AM

കാനഡയിൽ ഉപയോഗത്തിലിരിക്കുന്ന ഇരുപതിനായിരത്തോളം പവർ ബാങ്കുകൾ അടിയന്തരമായി തിരിച്ചുവിളിക്കാൻ 'ഹെൽത്ത് കാനഡ' ഉത്തരവിട്ടു. ഉപയോഗിക്കുമ്പോൾ അമിതമായി ചൂടാകാനും തീപിടുത്തമുണ്ടാകാനും സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. LOGiiX Piston Power 5000 Mag എന്ന മോഡൽ പവർ ബാങ്കുകൾക്കാണ് ഈ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.  LGX-13302, 13303, 13304, 13839, 13840 എന്നീ അഞ്ച് സീരീസുകളിൽപ്പെട്ട പവർ ബാങ്കുകൾക്കാണ് ഈ പ്രശ്നമുള്ളത്.

 കറുപ്പ്, വെള്ള, നേവി ബ്ലൂ, ലാവെൻഡർ, ബ്ലഷ് എന്നീ നിറങ്ങളിൽ ഇവ ലഭ്യമാണ്. പവർ ബാങ്ക് ഉപയോഗിച്ച് മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോഴോ, പവർ ബാങ്ക് ചാർജ്ജിങ്ങിന് ഇടുമ്പോഴോ ഇവ അമിതമായി ചൂടാകാൻ സാധ്യതയുണ്ട്. അതിനാൽ ഈ മോഡലുകൾ ഉപയോഗിക്കുന്നവർ അത് ഉടൻ തന്നെ നിർത്തണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. കേടായ പവർ ബാങ്കുകൾക്ക് പകരം പുതിയത് ലഭിക്കുന്നതിനായി വാൻകൂവർ ആസ്ഥാനമായുള്ള LOGiiX എന്ന കമ്പനിയുമായി ബന്ധപ്പെടാവുന്നതാണ്.

പഴയ പവർ ബാങ്കുകൾ അലക്ഷ്യമായി വലിച്ചെറിയാതെ ലിഥിയം-അയൺ ബാറ്ററികൾ സംസ്കരിക്കുന്ന സുരക്ഷിതമായ രീതിയിൽ തന്നെ ഉപേക്ഷിക്കണം. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടാവുന്നതാണ്. 
ചൈനയിൽ നിർമ്മിച്ച ഈ പവർ ബാങ്കുകൾ 2022 ജനുവരി മുതൽ 2025 ജൂലൈ വരെയുള്ള കാലയളവിലാണ് വിപണിയിലെത്തിയത്. ഇതുവരെ നാല് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആർക്കും പരിക്കേറ്റതായി വിവരമില്ല. എങ്കിലും സുരക്ഷ മുൻനിർത്തി ഉപഭോക്താക്കൾ എത്രയും വേഗം ഈ മുന്നറിയിപ്പിനോട് പ്രതികരിക്കണമെന്ന് ഹെൽത്ത് കാനഡ അഭ്യർത്ഥിച്ചു.