നിജ്ജാർ വധക്കേസ്: കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യയുടെ അടുത്ത നടപടികളെന്ന് ഇന്ത്യൻ സ്ഥാനപതി ദിനേശ് കെ പട്നായിക്.

By: 600110 On: Feb 23, 2026, 8:57 AM

സിഖ് വിഘടനവാദിയായ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട കേസിൽ കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യയുടെ അടുത്ത നടപടികളെന്ന് കാനഡയിലെ  ഇന്ത്യൻ സ്ഥാനപതി ദിനേശ് കെ പട്നായിക്. കനേഡിയൻ പൗരനും സിഖ് വിഘടനവാദി നേതാവുമായിരുന്നു നിജ്ജാർ. 2023-ൽ ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്തുവെച്ചാണ് ഇയാൾ വെടിയേറ്റു മരിച്ചത്. 

നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുകൾക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ ഇന്ത്യ ശക്തമായി നിഷേധിച്ചു.  കൊലപാതകത്തിൽ ഇന്ത്യയ്ക്ക് യാതൊരു പങ്കുമില്ലെന്ന് ദിനേശ് കെ പട്നായിക് ആവർത്തിച്ചു.വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപരമായ നടപടികൾ പൂർത്തിയാകുന്നത് വരെ ഇന്ത്യ കാത്തിരിക്കും. കോടതി എന്തെങ്കിലും തെറ്റായ നടപടികൾ കണ്ടെത്തിയാൽ ഇന്ത്യ നടപടിയെടുക്കും. മറിച്ചാണെങ്കിൽ, കാനഡ ഈ വിഷയം അവസാനിപ്പിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ച കാനഡയുടെ നടപടിയെ സ്ഥാനപതി വിമർശിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട കൃത്യമായ തെളിവുകളൊന്നും കാനഡ ഇന്ത്യയുമായി പങ്കുവെച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.    മുൻകാലങ്ങളിൽ സമാനമായ സാഹചര്യങ്ങളിൽ നടപടിയെടുക്കുന്നതിൽ കാനഡ പരാജയപ്പെട്ട കാര്യവും ദിനേശ് കെ പട്നായിക് ചൂണ്ടിക്കാട്ടി. കൊലപാതകത്തിന് പിന്നാലെ കാനഡ ഇന്ത്യൻ നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി കനേഡിയൻ നയതന്ത്രജ്ഞരെ ഇന്ത്യയും പുറത്താക്കി.  കോടതി വിധി വന്നതിനുശേഷം മാത്രമേ അടുത്ത നീക്കങ്ങൾ ഉണ്ടാവുകയുള്ളൂ എന്നാണ് സ്ഥാനപതിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.