കുട്ടികൾക്കുള്ള വേദനസംഹാരികളുടെ ലക്ഷക്കണക്കിന് കുപ്പികൾ നശിപ്പിച്ച് ആൽബർട്ട സർക്കാർ

By: 600110 On: Feb 23, 2026, 8:52 AM

കുട്ടികൾക്കുള്ള വേദനസംഹാരികൾ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് ആൽബർട്ട സർക്കാരിനെതിരെ രൂക്ഷവിമർശനം. തുർക്കിയിൽ നിന്ന് വൻതുക നൽകി എത്തിച്ച ഏഴ് ലക്ഷത്തോളം കുപ്പി മരുന്നുകളാണ് ഉപയോഗിക്കാനാവാതെ നശിപ്പിച്ചു കളഞ്ഞത്. 2023-ൽ അസറ്റാമിനോഫിൻ, ഐബുപ്രോഫൻ തുടങ്ങിയ മരുന്നുകൾക്ക് വലിയ ക്ഷാമം നേരിട്ടപ്പോഴായിരുന്നു 70 മില്യൺ ഡോളർ ചിലവാക്കി ആൽബർട്ട ഈ മരുന്നുകൾ വാങ്ങിയത്.

ആകെ 14 ലക്ഷം കുപ്പി മരുന്നുകളാണ് സർക്കാർ വാങ്ങിയത്. ഇതിൽ പകുതിയോളം മറ്റ് രാജ്യങ്ങൾക്ക് സംഭാവനയായി നൽകാൻ സാധിച്ചെങ്കിലും ബാക്കി വന്ന ഏഴ് ലക്ഷം കുപ്പികളാണ് ഇപ്പോൾ പാഴായത്. 2026 തുടക്കത്തിൽ കാലാവധി തീരുന്ന മരുന്നുകൾ മറ്റ് രാജ്യങ്ങളിലേക്ക് അയക്കാൻ ശ്രമിച്ചെങ്കിലും ഷിപ്പിംഗ് തടസ്സങ്ങൾ കാരണം അത് നടന്നില്ലെന്ന് ആൽബർട്ട ഹെൽത്ത് സർവീസസ് വ്യക്തമാക്കി. ഒടുവിൽ സ്വാൻ ഹിൽസ് ട്രീറ്റ്‌മെന്റ് സെന്ററിൽ വെച്ച് ഈ മരുന്നുകൾ നശിപ്പിക്കുകയായിരുന്നു.

മരുന്ന് വാങ്ങാൻ ചിലവാക്കിയ തുകയ്ക്ക് പുറമെ, ഇവ നശിപ്പിച്ചു കളയാൻ മാത്രം ഏകദേശം 7,18,000 ഡോളർ അധികമായി ചിലവഴിക്കേണ്ടി വന്നു. കൂടാതെ, 2023 മുതൽ 2025 വരെ ഈ മരുന്നുകൾ സൂക്ഷിച്ചു വെച്ച വകയിൽ 4,78,000 ഡോളറും ഖജനാവിന് നഷ്ടമായി.ഇത്രയധികം മരുന്നുകൾ ഒരുമിച്ച് വാങ്ങിക്കൂട്ടിയത് വലിയ ധൂർത്താണെന്നാണ് പൊതുവെ ഉയരുന്ന വിമർശനം. മരുന്നിന്റെ കാലാവധി തീരുന്ന തീയതികൾ പോലും കണക്കിലെടുക്കാതെ നടത്തിയ ഈ ഇടപാടിൽ വലിയ വീഴ്ചയുണ്ടായെന്ന് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. 

സംഭവത്തിൽ സമഗ്രമായ പൊതു അന്വേഷണം വേണമെന്ന് പ്രതിപക്ഷമായ എൻ.ഡി.പി (NDP) ആവശ്യപ്പെട്ടു. നേരത്തെ നടന്ന പ്രാഥമിക പരിശോധനയിൽ ഭരണപരമായ വീഴ്ചകൾ കണ്ടെത്തിയിരുന്നെങ്കിലും അഴിമതി നടന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. നിലവിൽ ഓഡിറ്റർ ജനറലും ആർ.സി.എം.പി.യും (RCMP) ഈ ഇടപാടിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ്.