കാനഡയിൽ ഭക്ഷണവിലയും ബിസിനസ്സ് ചെലവുകളും കുതിക്കുന്നു: ചെറുകിട സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ

By: 600110 On: Feb 21, 2026, 10:34 AM

കാനഡയിലെ ഭക്ഷ്യമേഖലയിൽ ബിസിനസ്സ് നടത്താനുള്ള ചെലവ് ക്രമാതീതമായി വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. റെസ്റ്റോറന്റുകൾ, പലചരക്ക് കടകൾ, വിതരണക്കാർ തുടങ്ങി ഈ മേഖലയിലെ എല്ലാവരും വലിയ സാമ്പത്തിക സമ്മർദ്ദത്തിലാണെന്ന് ഭക്ഷ്യനയ വിദഗ്ധനായ സിൽവെയ്ൻ ചാർലെബോയിസ് വ്യക്തമാക്കി.

ജീവനക്കാരുടെ ശമ്പളത്തിലുണ്ടായ വർദ്ധന, വൈദ്യുതി, ഗ്യാസ് എന്നിവയുടെ വിലക്കയറ്റം തുടങ്ങിയവയാണ് ഈ മേഖലയിലെ ബിസിനസ് ചെലവുകൾ വർദ്ധിപ്പിച്ചത്.  സാധനങ്ങൾ എത്തിക്കുന്നതിനുള്ള ഇന്ധനച്ചെലവിലും വർദ്ധനയുണ്ടായി. ബിസിനസ്സ് സ്ഥാപനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം തുകയും വർദ്ധിച്ചിട്ടുണ്ട്. 

ബിസിനസ്സ് ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാൻ ഉടമകൾ ഭക്ഷണസാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ നിർബന്ധിതരാവുകയാണ്. ഇത് സാധാരണക്കാരായ ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്നുണ്ട്. വലിയ ശൃംഖലകൾ പിടിച്ചുനിൽക്കുന്നുണ്ടെങ്കിലും, പ്രതിസന്ധി താങ്ങാനാവാതെ പല ചെറുകിട കടകളും റെസ്റ്റോറന്റുകളും പൂട്ടേണ്ട അവസ്ഥയിലാണ്.

ഇന്ധനത്തിനും മറ്റ് സാമഗ്രികൾക്കും വില കൂടിയതോടെ കർഷകരും വലിയ ബുദ്ധിമുട്ടിലാണ്. കാനഡയിലെ ഭക്ഷ്യമേഖല നിലവിൽ വലിയൊരു തകർച്ചയുടെ വക്കിലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കൂടുതൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരുമെന്നും ഇത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.