കാൽഗറിയിൽ വീണ്ടും ജലനിയന്ത്രണം: മാർച്ച് 9 മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

By: 600110 On: Feb 21, 2026, 10:12 AM

 കാൽഗറിയിൽ വീണ്ടും ജലനിയന്ത്രണം ഏർപ്പെടുത്തും. കാൽഗറി നഗരത്തിലെ പ്രധാന ജലവിതരണ പൈപ്പായ 'ബിയർസ്‌പൗ സൗത്ത് ഫീഡർ മെയിൻ' ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കായാണ് മാർച്ച് 9 മുതൽ നാലാഴ്ചത്തേക്ക് ജലനിയന്ത്രണം ഏർപ്പെടുത്തുന്നത്. നഗരത്തിൻ്റെ ജലവിതരണ ശൃംഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണിത്.

കഴിഞ്ഞ 18 മാസത്തിനിടെ ഈ പൈപ്പ് രണ്ട് തവണ പൊട്ടിയിട്ടുണ്ട്. ഇതിലെ ബലക്ഷയമുള്ള ഒൻപത് ഭാഗങ്ങൾ ഈ ഘട്ടത്തിൽ ശക്തിപ്പെടുത്തും.  പൈപ്പ് ഏത് നിമിഷവും വീണ്ടും പൊട്ടാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ ഈ അറ്റകുറ്റപ്പണി അനിവാര്യമാണ്. ഈ പൈപ്പിന് പകരമായി പുതിയൊരു പൈപ്പ് ശൃംഖലയുടെ നിർമ്മാണം ഡിസംബറോടെ പൂർത്തിയാകും.

ഈ പദ്ധതി ദക്ഷിണ ആൽബർട്ടയുടെ ഭാവിക്ക് നിർണ്ണായകമാണെന്ന് മേയർ ജെറോമി ഫർക്കാസ് പറഞ്ഞു. ഇതിനെ "ദക്ഷിണ ആൽബർട്ടയുടെ മൂൺഷോട്ട്" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. നിയന്ത്രണ കാലയളവിൽ വീടിന് പുറത്തുള്ള ജലഉപയോഗം ഈ കാലയളവിൽ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.  കുളിക്കുന്ന സമയം മൂന്ന് മിനിറ്റോ അതിൽ താഴെയോ ആയി പരിമിതപ്പെടുത്തണം.  അത്യാവശ്യഘട്ടങ്ങളിൽ മാത്രം ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുക. വാഷിംഗ് മെഷീനുകളും ഡിഷ് വാഷറുകളും പൂർണ്ണമായി നിറഞ്ഞാൽ മാത്രം പ്രവർത്തിപ്പിക്കുകയെന്നും നിർദ്ദേശം നല്കിയിട്ടുണ്ട്. വസന്തകാലത്ത് പുഴകളിൽ നീരൊഴുക്ക് കൂടുതലായതിനാലാണ് ഈ സമയം അറ്റകുറ്റപ്പണികൾക്കായി തിരഞ്ഞെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.