ട്രംപിനെതിരെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം: 2026-ലെ സര്‍വ്വേ ഫലങ്ങള്‍ പുറത്ത്

By: 600002 On: Feb 21, 2026, 7:29 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഊഴത്തിലെ ആദ്യ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, ഭൂരിഭാഗം ഇന്ത്യന്‍ അമേരിക്കന്‍ വംശജരും ഭരണകൂടത്തിന്റെ നയങ്ങളില്‍ അതൃപ്തരാണെന്ന് റിപ്പോര്‍ട്ട്. കാര്‍ണഗി എന്‍ഡോവ്മെന്റ് ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തിയ '2026 ഇന്ത്യന്‍ അമേരിക്കന്‍ ആറ്റിറ്റിയൂഡ് സര്‍വ്വേ' (IAAS) പ്രകാരമാണ് ഈ കണ്ടെത്തല്‍.

വെറും 29% ഇന്ത്യന്‍ അമേരിക്കക്കാര്‍ മാത്രമാണ് ട്രംപിന്റെ ഭരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയത്. കുടിയേറ്റ നയം (64%), സാമ്പത്തിക നയം (68%), വ്യാപാര തീരുവകള്‍ (70%) എന്നിവയില്‍ കടുത്ത വിയോജിപ്പുണ്ട്.

ഭരണകൂടം ഉഭയകക്ഷി ബന്ധം കൈകാര്യം ചെയ്യുന്ന രീതിയെ 55% പേര്‍ എതിര്‍ക്കുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയോടുള്ള ആഭിമുഖ്യം 46% ആയി കുറഞ്ഞു. റിപ്പബ്ലിക്കന്‍ അനുഭാവം 19% ആയും സ്വതന്ത്ര നിലപാടുകാര്‍ 29% ആയും ഉയര്‍ന്നു.

വിലക്കയറ്റം (21%), തൊഴിലില്ലായ്മ (17%) എന്നിവയാണ് ഈ സമൂഹത്തെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. പകുതിയോളം ഇന്ത്യന്‍ അമേരിക്കക്കാര്‍ നിറത്തിന്റെയോ വംശത്തിന്റെയോ പേരില്‍ വിവേചനം അനുഭവിക്കുന്നതായി സര്‍വ്വേ വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇന്ത്യ വിരുദ്ധ ഉള്ളടക്കങ്ങള്‍ വര്‍ദ്ധിക്കുന്നത് മൂന്നിലൊന്ന് ആളുകളെയും രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. എങ്കിലും, ഭൂരിഭാഗം പേരും തൊഴിലിനായി ഇപ്പോഴും അമേരിക്കയെത്തന്നെയാണ് ശുപാര്‍ശ ചെയ്യുന്നത്.

വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ മതപരമായ പരാമര്‍ശങ്ങള്‍ ന്യൂനപക്ഷ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുന്നതായും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. 1,000 പേരിലായി നടത്തിയ ഈ പഠനത്തില്‍ സുമിത്രാ ബദ്രിനാഥന്‍, ദേവേഷ് കപൂര്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.