വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഭക്ഷ്യോൽപ്പന്നങ്ങൾ കാനഡയിൽ ഉത്പാദിപ്പിച്ചതാണെന്ന വ്യാജേന വിൽപന നടത്തിയതിന് പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലോബ്ലോയുടെ (Loblaw) ഉടമസ്ഥതയിലുള്ള സൂപ്പർസ്റ്റോറിന് 10,000 ഡോളർ പിഴ ചുമത്തി. ടൊറൻ്റോയിലെ ജെറി ഫിറ്റ്‌സ്‌ഗെറാൾഡ് ഡ്രൈവിലുള്ള സ്റ്റോറിലാണ് കനേഡിയൻ പതാകയുടെ ചിഹ്നമായ 'മേപ്പിൾ ലീഫ്' സ്റ്റിക്കറുകൾ ഉപയോഗിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യം നൽകിയത്.
കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) നടത്തിയ പരിശോധനയിലാണ് ഈ നിയമലംഘനം കണ്ടെത്തിയത്. ഉൽപ്പന്നങ്ങളുടെ ഉറവിടത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കാനഡയിൽ ഉത്പാദിപ്പിക്കാത്ത ബദാം, സ്ട്രോബെറി തുടങ്ങിയ ഉൽപ്പന്നങ്ങൾ പോലും 'മെയ്ഡ് ഇൻ കാനഡ' എന്ന ലേബലിൽ വിൽക്കുന്ന 'മേപ്പിൾ വാഷിംഗ്' (Maple washing) എന്ന പ്രവണത വലിയ രീതിയിൽ വർദ്ധിച്ചുവരുന്നതായി നേരത്തെ ആക്ഷേപമുയർന്നിരുന്നു. വൻകിട ഗ്രോസറി സ്റ്റോറുകൾ ഇത്തരത്തിൽ നിയമലംഘനം നടത്തിയിട്ടും പിഴ ചുമത്താത്തതിൽ ഉപഭോക്താക്കൾക്കിടയിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കർശന നടപടിയുമായി സി.എഫ്.ഐ.എ രംഗത്തെത്തിയത്.
വൻതോതിലുള്ള ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ലേബലിംഗിൽ അബദ്ധങ്ങൾ സംഭവിക്കാറുണ്ടെന്നും ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ലോബ്ലോ അധികൃതർ അറിയിച്ചു.