വിമാനത്തില്‍ ജീവനക്കാരെ ആക്രമിച്ച യാത്രക്കാരിക്ക് 20 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം

By: 600002 On: Feb 21, 2026, 7:17 AM



 


പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: ഫെബ്രുവരി 13-ന് അബുദാബിയില്‍ നിന്ന് വാഷിംഗ്ടണിലേക്കുള്ള എത്തിഹാദ് എയര്‍വേയ്സ് വിമാനത്തില്‍ വെച്ച് സഹയാത്രികരെയും ജീവനക്കാരെയും ആക്രമിച്ച 40-കാരിയായ സോഫിയ സാഹു എന്ന യാത്രക്കാരിയെ എഫ്.ബി.ഐ (FBI) കസ്റ്റഡിയിലെടുത്തു.

വിമാന ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയതിനും ശാരീരികമായി ഉപദ്രവിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാല്‍ 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.

വാഷിംഗ്ടണ്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ തന്നെ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഫെബ്രുവരി 20-നാണ് കേസിലെ അടുത്ത വാദം കേള്‍ക്കുന്നത്.

15 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയ്ക്കിടെ, സോഫിയ വിമാനത്തിലെ ജീവനക്കാരെ ചവിട്ടുകയും തള്ളുകയും മുഖത്തടിക്കുകയും ചെയ്തതായി അധികൃതര്‍ പറയുന്നു. ബഹളം വെച്ചതിനെത്തുടര്‍ന്ന് ശാന്തയാക്കാന്‍ ശ്രമിച്ച ജീവനക്കാരെ ഇവര്‍ അസഭ്യം പറയുകയും ചെയ്തു.

ഹീല്‍ ഉള്ള ഷൂ ഉപയോഗിച്ച് ജീവനക്കാരെ ചവിട്ടിയതായും സീറ്റില്‍ കയറി നിന്ന് ബഹളം വെച്ചതായും എഫ്.ബി.ഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ താന്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും ജീവനക്കാരുടെ മോശം പെരുമാറ്റമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് സോഫിയയുടെ വാദം.