കാനഡയിൽ ന്യൂമോണിയ ബാധിച്ച് ആശുപത്രിയിലാകുന്ന കുട്ടികളുടെ എണ്ണത്തിൽ ഇരട്ടി വർദ്ധനവ്

By: 600110 On: Feb 20, 2026, 2:12 PM

കാനഡയിൽ കഴിഞ്ഞ മാസങ്ങളിൽ ന്യൂമോണിയ ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിൽ മൂന്നിലൊന്ന് വർദ്ധനവ് ഉണ്ടായതായി കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷൻ റിപ്പോർട്ട്. ഇതിൽ അഞ്ച് മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലാണ് ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് ഈ പ്രായപരിധിയിലുള്ള കുട്ടികളുടെ എണ്ണം ഇരട്ടിയിലധികമായി ഉയർന്നു. ഇൻഫ്ലുവൻസ ബാധയുടെ തീവ്രത വർദ്ധിച്ചതാണ് ഇത്തരത്തിൽ ന്യൂമോണിയ കേസുകൾ കൂടാൻ പ്രധാന കാരണമെന്ന് മോൺട്രിയൽ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ പകർച്ചവ്യാധി വിദഗ്ധൻ ഡോ. ജെസ്സി പാപ്പൻബർഗ് വ്യക്തമാക്കി.

ഇൻഫ്ലുവൻസ വൈറസ് ശ്വാസകോശത്തിലെ കോശങ്ങളെ ബാധിക്കുന്നത് വഴി ബാക്ടീരിയൽ ന്യൂമോണിയ പിടിപെടാൻ എളുപ്പമാകുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പനി കുറഞ്ഞു വരുന്ന ഘട്ടത്തിൽ പെട്ടെന്ന് രോഗം വഷളാകുന്നത് ഇത്തരം ബാക്ടീരിയൽ ഇൻഫക്ഷന്റെ ലക്ഷണമാണ്. കൂടാതെ, കുട്ടികളിൽ 'വാക്കിംഗ് ന്യൂമോണിയ'  കേസുകൾ അസാധാരണമാംവിധം വർദ്ധിച്ചതും ആശുപത്രി കേസുകൾ കൂടാൻ കാരണമായിട്ടുണ്ട്. മൈക്കോപ്ലാസ്മ ന്യൂമോണിയ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ രോഗം സാധാരണ ന്യൂമോണിയയെ അപേക്ഷിച്ച് ലക്ഷണങ്ങൾ കുറഞ്ഞതാണെങ്കിലും കഴിഞ്ഞ സീസണിൽ ഇത് വ്യാപകമായി പടർന്നത് ആരോഗ്യരംഗത്ത് വലിയ വെല്ലുവിളിയായിരുന്നു.