ആൽബർട്ടയിൽ 2026 ഒക്ടോബറിൽ ഹിതപരിശോധന, കുടിയേറ്റത്തിലും ഭരണഘടനയിലും വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് പ്രീമിയർ ഡാനിയൽ സ്മിത്ത്

By: 600110 On: Feb 20, 2026, 2:00 PM

 

2026 ഒക്ടോബറിൽ ആൽബർട്ടയിൽ നിർണ്ണായകമായൊരു ഹിതപരിശോധന നടത്തുമെന്ന് പ്രീമിയർ ഡാനിയൽ സ്മിത്ത് പ്രഖ്യാപിച്ചു. കുടിയേറ്റ നിയന്ത്രണം മുതൽ ഭരണഘടനാ ഭേദഗതികൾ വരെ നീളുന്ന ഒമ്പത് പ്രധാന ചോദ്യങ്ങളാകും ജനങ്ങൾക്ക് മുന്നിലുണ്ടാവുക.

കുടിയേറ്റം നിലവിൽ നിയന്ത്രണാതീതമാണെന്നാണ് പ്രീമിയറിന്റെ പക്ഷം. ഇത് പ്രവിശ്യയിലെ ആരോഗ്യരംഗം, വിദ്യാഭ്യാസം, പാർപ്പിട സൗകര്യങ്ങൾ എന്നിവയെ തകിടം മറിക്കുന്നുവെന്ന് സ്മിത്ത് ആരോപിക്കുന്നു. എണ്ണ വരുമാനത്തിലുണ്ടായ വൻ ഇടിവ് അൽബർട്ടയെ വലിയൊരു സാമ്പത്തിക കമ്മിയിലേക്ക് നയിച്ചിട്ടുണ്ട്. ഈ അവസ്ഥയ്ക്ക് പ്രധാന കാരണം കേന്ദ്ര സർക്കാരിന്റെ കുടിയേറ്റ നയങ്ങളാണെന്നും, ഫെഡറൽ സഹായങ്ങൾക്കായി ആൽബർട്ടയിലെ നികുതിദായകർ അമിതഭാരം ചുമക്കേണ്ടി വരികയാണെന്നും സ്മിത്ത് വാദിക്കുന്നു.

ഹിതപരിശോധനയിലൂടെ ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്ന പ്രധാന ചോദ്യങ്ങൾ ഇനി പറയുന്നവയാണ്. പൗരന്മാരല്ലാത്തവർക്ക് സാമൂഹിക സേവനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണോ? പ്രവിശ്യകൾക്ക് കൂടുതൽ അധികാരം നൽകുന്ന രീതിയിൽ ഭരണഘടനയിൽ മാറ്റം വരുത്തണോ? സ്വന്തം ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം പ്രവിശ്യകൾക്ക് നൽകണോ? ഫെഡറൽ സെനറ്റ് നിർത്തലാക്കണോ?

എന്നാൽ ഈ നീക്കത്തെ രാഷ്ട്രീയ വിദഗ്ധരും പ്രതിപക്ഷവും ശക്തമായി എതിർക്കുന്നുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ സർക്കാരിന്റെ തന്നെ വീഴ്ചകൾ മറച്ചുപിടിക്കാൻ കുടിയേറ്റക്കാരെ ബലിയാടാക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകയായ ലോറി വില്യംസ് ചൂണ്ടിക്കാട്ടി. ഇത് വെറുമൊരു പഴിചാരൽ രാഷ്ട്രീയമാണെന്നും അമേരിക്കൻ മോഡൽ വലതുപക്ഷ രാഷ്ട്രീയത്തിന്റെ തുടർച്ചയാണെന്നും വിമർശകർ പറയുന്നു. 

2023-ൽ ആൽബർട്ടയുടെ ജനസംഖ്യയിൽ രണ്ട് ലക്ഷത്തോളം പേരുടെ വർദ്ധനവാണ് ഉണ്ടായത്. 2027-ലെ പൊതുതിരഞ്ഞെടുപ്പിന് കൃത്യം ഒരു വർഷം മുമ്പ് നടക്കുന്ന ഈ ജനവിധി ആൽബർട്ടയുടെയും പ്രീമിയർ ഡാനിയൽ സ്മിത്തിന്റെയും രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.