വിനിപെഗിലെ എമർജൻസി വാർഡുകളിൽ ചികിത്സ ലഭിക്കാതെ മടങ്ങുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. മാനിറ്റോബയിലെ ആശുപത്രികളുടെ മേൽനോട്ടം വഹിക്കുന്ന 'ഷെയേർഡ് ഹെൽത്ത്' പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. വിനിപെഗിലെ ഏറ്റവും തിരക്കുള്ള ഈ ആശുപത്രിയിൽ എത്തുന്ന നാലിൽ ഒരാൾ വീതം ചികിത്സ ലഭിക്കാതെ മടങ്ങുന്നുവെന്നാണ് കണ്ടെത്തൽ.
2020-ൽ ചികിത്സ കിട്ടാതെ മടങ്ങുന്നവരുടെ എണ്ണം 11 ശതമാനമായിരുന്നു. എന്നാൽ 2025 ആയപ്പോഴേക്കും ഇത് 25 ശതമാനത്തിലധികമായി വർദ്ധിച്ചു. വിനിപെഗിലെ ചില എമർജൻസി വാർഡുകളിൽ നിലവിൽ 10 മണിക്കൂർ വരെയാണ് രോഗികൾക്ക് കാത്തിരിക്കേണ്ടി വരുന്നത്. രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവും ജീവനക്കാരുടെ കുറവുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. സെന്റ് ബോണിഫേസ് ആശുപത്രിയിൽ 11 മണിക്കൂർ കാത്തിരുന്ന 55 വയസ്സുകാരി മരിച്ച സംഭവം വലിയ വിവാദമായിരുന്നു. ആരോഗ്യ സംവിധാനത്തിന്റെ പരാജയമാണ് ഇവരുടെ ജീവനെടുത്തതെന്ന് കുടുംബം ആരോപിക്കുന്നു. സമാനമായ സംഭവങ്ങൾ മറ്റ് പ്രവിശ്യകളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നത് കാനഡയിൽ ദേശീയതലത്തിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്.
ഈ സാഹചര്യം അംഗീകരിക്കാനാവില്ലെന്ന് 'ഷെയേർഡ് ഹെൽത്ത്' അംഗീകരിക്കുന്നുണ്ട്. കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. ഇതിനായി കൂടുതൽ ജീവനക്കാരെ നിയമിക്കാനും ബെഡുകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ കമ്മ്യൂണിറ്റി ക്ലിനിക്കുകളും വെർച്വൽ കെയർ സംവിധാനങ്ങളും വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.