ഇന്ത്യന്‍ വംശജനായ ജയ് ഭട്ടാചാര്യ സി.ഡി.സി തലവനായി ചുമതലയേറ്റു

By: 600002 On: Feb 20, 2026, 8:32 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രമുഖ പൊതുജനാരോഗ്യ ഏജന്‍സിയായ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ  ആക്ടിംഗ് ഡയറക്ടറായി ഇന്ത്യന്‍ വംശജനായ ജയ് ഭട്ടാചാര്യ നിയമിതനായി. നിലവില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (NIH) മേധാവിയായ അദ്ദേഹം രണ്ട് പദവികളും ഒരേസമയം കൈകാര്യം ചെയ്യും.

കൊല്‍ക്കത്തയില്‍ ജനിച്ച ഭട്ടാചാര്യ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറായിരുന്നു. വൈദ്യശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും അദ്ദേഹം ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.

 കോവിഡ് കാലത്ത് ലോക്ക്ഡൗണ്‍ നയങ്ങളെ ശക്തമായി വിമര്‍ശിച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. അന്നത്തെ ഔദ്യോഗിക നിലപാടുകളെ ചോദ്യം ചെയ്ത അദ്ദേഹത്തിന്റെ രീതി ട്രംപ് ഭരണകൂടത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് മുന്‍ ഡയറക്ടര്‍ സൂസന്‍ മൊണാരെസ് പുറത്തായ സാഹചര്യത്തിലാണ് ഈ നിയമനം.

മറ്റൊരു ഇന്ത്യന്‍ വംശജനായ ഡോ. വിനയ് പ്രസാദ് നിലവില്‍ എഫ്.ഡി.എയിലെ  ഉന്നത പദവി വഹിക്കുന്നുണ്ട്.

ഏകദേശം 9.7 ബില്യണ്‍ ഡോളര്‍ ബജറ്റുള്ള സി.ഡി.സി, പകര്‍ച്ചവ്യാധികള്‍ മുതല്‍ ജീവിതശൈലീ രോഗങ്ങള്‍ വരെയുള്ള കാര്യങ്ങളില്‍ ആഗോളതലത്തില്‍ പ്രതിരോധ തന്ത്രങ്ങള്‍ മെനയുന്ന ഏജന്‍സിയാണ്.