കാനഡയിലെ ആൽബെർട്ട പ്രവിശ്യയിൽ പ്രാഥമിക ആരോഗ്യ ചികിത്സാ രംഗത്ത് വൻ മുന്നേറ്റമെന്ന് സർക്കാർ. കുടുംബ ഡോക്ടർമാരുടെയും നേഴ്‌സ് പ്രാക്ടീഷണർമാരുടെയും എണ്ണം മുമ്പെങ്ങുമില്ലാത്ത വിധം വർദ്ധിച്ചതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. പ്രവിശ്യയിലെ ആരോഗ്യ സേവനദാതാക്കളെ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന പുതിയ വെബ്‌സൈറ്റും സർക്കാർ പുറത്തിറക്കി.
2025 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം ആൽബെർട്ടയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലാണ് ആരോഗ്യപ്രവർത്തകരുടെ എണ്ണം. ഇതനുസരിച്ച് 6,362 കുടുംബ ഡോക്ടർമാരും സജീവ ലൈസൻസുള്ള 1,137 നേഴ്‌സ് പ്രാക്ടീഷണർമാരും ഇപ്പോഴുണ്ട്. 800-ലധികം ആരോഗ്യ പ്രവർത്തകർ നിലവിൽ പുതിയ രോഗികളെ സ്വീകരിക്കാൻ സന്നദ്ധരാണ്. ഇതിൽ ഭൂരിഭാഗവും കാൽഗറി (400 പേർ), എഡ്‌മൻ്റൺ (200-ലധികം പേർ) മേഖലകളിലാണ്.
നിലവിൽ ആൽബെർട്ടയിലെ 84% മുതിർന്നവർക്കും സ്വന്തമായി ഒരു ഫാമിലി ഡോക്ടറോ സ്ഥിരം ആരോഗ്യ സേവനദാതാവോ ഉണ്ടെന്നത് ശ്രദ്ധേയമാണ്. കാനഡയിലെ തന്നെ ഏറ്റവും മികച്ച നിരക്കുകളിൽ ഒന്നാണിത്. ജനങ്ങൾക്ക് തങ്ങളുടെ പ്രദേശത്തെ ഡോക്ടർമാരെയും മിഡ്‌വൈഫുമാരെയും നേഴ്‌സ് പ്രാക്ടീഷണർമാരെയും വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്ന https://albertafindaprovider.ca/ എന്ന വെബ്‌സൈറ്റ് വ്യാഴാഴ്ച പുനരാരംഭിച്ചു. പഴയ വെബ്സൈറ്റിനേക്കാൾ മികച്ച സെർച്ച് സൗകര്യങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.
കൂടാതെ, പ്രവിശ്യാ ഹെൽത്ത് ഡാഷ്‌ബോർഡിൽ കാൻസർ പരിശോധനകൾ, തുടർചികിത്സകൾ എന്നിവയുടെ പുരോഗതി നിരീക്ഷിക്കാനുള്ള പുതിയ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ആരോഗ്യരംഗത്ത് കൂടുതൽ സുതാര്യത ഉറപ്പാക്കുമെന്ന് അധികൃതർ അവകാശപ്പെടുന്നു.
പുതിയ ഫണ്ടിംഗ് മാതൃകകളാണ് കൂടുതൽ ഡോക്ടർമാരെ ആകർഷിക്കാൻ സഹായിച്ചതെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, ചില പുതിയ നിയമങ്ങൾക്കെതിരെ വിമർശനവും ഉയരുന്നുണ്ട്. ഡോക്ടർമാർക്ക് സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ഒരേസമയം ജോലി ചെയ്യാൻ അനുവാദം നൽകുന്ന 'ബിൽ 11' ആണ് പ്രധാന തർക്കവിഷയം. ഈ നീക്കം കാനഡയുടെ പവിത്രമായ പൊതുജനാരോഗ്യ സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്നും വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നും വിവിധ ആരോഗ്യ സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നു.