ടൊറൻ്റോയിൽ 26 വയസ്സുകാരന് ദയാവധത്തിന് അനുമതി നൽകിയതിൽ സർക്കാരിനെതിരെ വിമർശനവുമായി കുടുബം.മകന് വേണ്ടിയിരുന്നത് പരിചരണമായിരുന്നു, ദയാവധമല്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.പ്രമേഹബാധിതനായ തങ്ങളുടെ മകന്റെ കാര്യത്തിൽ MAID പരാജയപ്പെട്ടുവെന്നും കുടുംബം ആരോപിക്കുന്നു. ഈ പശ്ചാത്തലത്തിൽ വൈദ്യസഹായത്തോടെയുള്ള മരണവുമായി (MAID) ബന്ധപ്പെട്ട നിയമം പരിഷ്കരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ടൈപ്പ് 1 പ്രമേഹവും ഭാഗികമായ കാഴ്ചപരിമിതിയുമുള്ള യുവാവായിരുന്നു 26 വയസ്സുകാരനായ കിയാനോ വഫായേൻ. വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു കാർ അപകടത്തെത്തുടർന്ന് അദ്ദേഹം കടുത്ത വിഷാദരോഗവും അനുഭവിച്ചിരുന്നു.
2025 ഡിസംബറിൽ കിയാനോയുടെ ദയാവധത്തിനായുള്ള അപേക്ഷ അംഗീകരിക്കപ്പെട്ടു. സ്വാഭാവിക മരണം ഉടനെ സംഭവിക്കാൻ സാധ്യതയില്ലാത്തവർക്കും ദയാവധം അനുവദിക്കുന്ന 'ട്രാക്ക് 2' വിഭാഗത്തിന് കീഴിലാണ് ഈ നടപടി നടന്നത്.
എന്നാഷ നിലവിലുള്ള സംവിധാനം തൻ്റെ മകൻ്റെ കാര്യത്തിൽ പരാജയപ്പെട്ടു എന്നാണ് കിയാനോയുടെ അമ്മ മാർഗരറ്റ് മാർഷില്ല പറയുന്നത്. കിയാനോയ്ക്ക് വേണ്ടത് മികച്ച വൈദ്യസഹായവും മാനസികാരോഗ്യ പിന്തുണയുമായിരുന്നു. ചികിത്സിച്ചു ഭേദമാക്കാവുന്ന അവസ്ഥയുള്ളവർക്ക് ദയാവധം അനുവദിക്കരുത് എന്ന് അവർ വാദിക്കുന്നു. മികച്ച പരിചരണത്തിന് പകരം സർക്കാർ അവന് മരണം നൽകുകയായിരുന്നുവെന്ന് കുടുംബം വിശ്വസിക്കുന്നു. ആരോഗ്യരംഗത്തെ പരിമിതികളാണ് കിയാനോയെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് അവർ ആരോപിക്കുന്നു.
2022-ൽ മാർഗരറ്റ് തൻ്റെ മകൻ്റെ ദയാവധത്തിനുള്ള ഒരു അപ്പോയിൻമെൻ്റ് തടഞ്ഞിരുന്നു. അന്ന് തന്നെ ഈ സംവിധാനത്തിലെ അപകടങ്ങളെക്കുറിച്ച് അവർ പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, പിന്നീട് കിയാനോയ്ക്ക് വീണ്ടും അനുമതി ലഭിക്കുകയായിരുന്നു. ദയാവധത്തിനുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കണമെന്ന് കുടുംബം ഇപ്പോൾ ആവശ്യപ്പെടുന്നു. ദുർബലരായ ആളുകൾ മരണത്തിലേക്ക് തള്ളപ്പെടുകയാണെന്ന് അവർ ഭയപ്പെടുന്നു. കാനഡയിലെ MAID പദ്ധതിയിൽ ഉത്തരവാദിത്തമില്ലായ്മ ഉണ്ടെന്ന് വിമർശകർ വാദിക്കുമ്പോൾ, ഇത് വ്യക്തികൾക്ക് അന്തസ്സോടെ മരിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നൽകുന്നുവെന്ന് അനുകൂലിക്കുന്നവർ പറയുന്നു. കിയാനോയുടെ കുടുംബത്തെപ്പോലെയുള്ളവരുടെ ആവശ്യങ്ങൾക്കിടയിൽ കാനഡയിൽ ദയാവധത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി തുടരുകയാണ്.