കാനഡയിലെ രാഷ്ട്രീയ രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് കൺസർവേറ്റീവ് എംപി മാറ്റ് ജെനറോ ) ഭരണകക്ഷിയായ ലിബറൽ പാർട്ടിയിൽ ചേർന്നു. രാജ്യം നേരിടുന്ന 'ദേശീയ ഐക്യ പ്രതിസന്ധി' കണക്കിലെടുത്താണ് തന്റെ തീരുമാനമെന്ന് എഡ്മന്റൺ റിവർബെൻഡിൽ നിന്നുള്ള ജനപ്രതിനിധി വ്യക്തമാക്കി. കഴിഞ്ഞ വർഷം രാഷ്ട്രീയം ഉപേക്ഷിക്കാൻ പദ്ധതിയിട്ടിരുന്ന ജെനറോ, അവധിക്കാലത്ത് കുടുംബാംഗങ്ങളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പാർട്ടി മാറാൻ തീരുമാനിച്ചത്.
പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം, രാജ്യത്തെ സേവിക്കാൻ പ്രയാസകരമായ പാതകൾ തിരഞ്ഞെടുക്കേണ്ടി വരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നവംബറിൽ ക്രിസ് ഡി എന്റർമോണ്ട്, ഡിസംബറിൽ മൈക്കൽ മാ എന്നിവർക്ക് പിന്നാലെ ലിബറൽ പാർട്ടിക്കൊപ്പം ചേരുന്ന മൂന്നാമത്തെ കൺസർവേറ്റീവ് അംഗമാണ് ജെനറോ. ഇതോടെ പാർലമെന്റിൽ ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്താൻ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് സാധിച്ചു.
ജനുവരിയിൽ ഡാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം തന്നെ ഏറെ സ്വാധീനിച്ചുവെന്നും ജെനറോ വെളിപ്പെടുത്തി. നിലവിലെ സാഹചര്യത്തിൽ മാറിനിൽക്കുന്നത് ശരിയല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വോട്ടർമാരെ വഞ്ചിച്ചുവെന്ന് ആരോപിച്ച് കൺസർവേറ്റീവ് നേതൃത്വം ജെനറോയുടെ തീരുമാനത്തെ വിമർശിച്ചു