ക്യൂബെക്കിനുള്ള സവിശേഷ പരിഗണനകൾ ചർച്ചയാകുന്നു

By: 600110 On: Feb 19, 2026, 1:34 PM

 

കാനഡയുടെ ഭരണഘടനാ സംവിധാനത്തിൽ ക്യൂബെക്കിന് സവിശേഷ പരിഗണനകൾ ലഭിക്കുമ്പോൾ ആൽബർട്ടയടക്കമുള്ള പ്രവിശ്യകൾക്ക് അത് ലഭിക്കുന്നില്ലെന്ന് പരാതി ഉയരുന്നു. പലപ്പോഴും ഇത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. നിയമനങ്ങളിലും ഫണ്ടിംഗിലും ക്യൂബെക്കിന് ലഭിക്കുന്ന പരിഗണന ആൽബർട്ടയ്ക്ക് ലഭിക്കുന്നില്ലെന്നാണ് ആരോപണം.

കാനഡയുടെ ഫെഡറൽ സംവിധാനത്തിൽ ക്യൂബെക്കിന് മാത്രമായി ചില  അധികാരങ്ങൾ അനുവദിച്ചു നൽകിയിട്ടുണ്ട്. കാനഡയുടെ സുപ്രധാന തീരുമാനങ്ങളിൽ കൂടുതൽ പങ്കാളിത്തം വേണമെന്ന ആൽബർട്ടയുടെ ആവശ്യം അടുത്തിടെ ഫെഡറൽ സർക്കാർ തള്ളിക്കളഞ്ഞിരുന്നു.സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനത്തിൽ ആൽബർട്ടയ്ക്കും ശബ്ദമുണ്ടാകണമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഒരു ചർച്ചയ്ക്ക് പോലും തയ്യാറാകാതെ ഫെഡറൽ സർക്കാർ ആൽബർട്ടയുടെ ആവശ്യം നിരസിച്ചു. അതേസമയം, സുപ്രീം കോടതി നിയമനങ്ങളിൽ ക്യൂബെക്കിന് പണ്ടുമുതൽക്കേ പ്രത്യേക സംവരണം ഉറപ്പാക്കിയിട്ടുണ്ട്.  പരമോന്നത കോടതിയിലെ 9 സീറ്റുകളിൽ 3 എണ്ണം ക്യൂബെക്കിനായി നിയമപരമായി തന്നെ മാറ്റിവെച്ചിരിക്കുകയാണ്.

കാനഡയിലെ മറ്റൊരു പ്രവിശ്യയ്ക്കും ഇത്തരമൊരു ഉറപ്പ് ഭരണഘടന നൽകുന്നില്ല. ഇമിഗ്രേഷൻ കാര്യത്തിലും ക്യൂബെക്കിന് ലഭിക്കുന്നത് സമാനതകളില്ലാത്ത സ്വയംഭരണാധികാരമാണ്.  തങ്ങളുടെ നാട്ടിലേക്ക് ആര് വരണമെന്നും അവർ എങ്ങനെ ജീവിക്കണമെന്നും തീരുമാനിക്കാൻ ക്യൂബെക്കിന് സ്വന്തമായി നിയമങ്ങളുണ്ട്. എന്നാൽ ഇതേ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ആൽബർട്ടയ്ക്ക് ഫെഡറൽ സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങൾ നേരിടേണ്ടി വരുന്നുവെന്നാണ് വിമർശനം ഉരുന്നത്.

ഫെഡറൽ പദ്ധതികളുമായി ബന്ധപ്പെട്ടും നിബന്ധനകളിൽ ഇളവോ അല്ലെങ്കിൽ അധിക സാമ്പത്തിക സഹായമോ ക്യൂബെക്കിന് സ്ഥിരമായി ലഭിക്കുന്നുണ്ട്. ഇത് ആൽബർട്ടയോടുള്ള വ്യക്തമായ വിവേചനമാണെന്ന് പ്രവിശ്യാ നേതാക്കൾ തുറന്നടിക്കുന്നു. പടിഞ്ഞാറൻ പ്രവിശ്യകളോട് കാണിക്കുന്ന ഈ ചിറ്റമ്മനയം മാറണമെന്ന് ആൽബർട്ട ആവശ്യപ്പെടുന്നു.  ആൽബർട്ട സമാനമായ അവകാശങ്ങൾ ചോദിക്കുമ്പോഴെല്ലാം ഫെഡറൽ നിയമങ്ങൾ പറഞ്ഞ് തടയപ്പെടുന്നു. കാനഡയിലെ ഫെഡറൽ സംവിധാനം നീതിയുക്തമാണോ എന്ന ചോദ്യം ഇതോടെ വീണ്ടും ശക്തമാവുകയാണ്.