ആദായനികുതി വർദ്ധിപ്പിച്ച് ബി.സി. സർക്കാർ; സാധാരണക്കാർക്ക് ആശ്വാസം, ഉയർന്ന വരുമാനക്കാർക്ക് തിരിച്ചടി

By: 600110 On: Feb 19, 2026, 12:52 PM

 

വ്യക്തിഗത ആദായനികുതി നിരക്കുകളിൽ മാറ്റം വരുത്തി ബ്രിട്ടീഷ് കൊളംബിയ സർക്കാർ. 2026-ലെ സംസ്ഥാന ബജറ്റിലാണ് വ്യക്തിഗത ആദായനികുതി വർദ്ധിപ്പിക്കാനുള്ള തീരുമാനം സർക്കാർ പ്രഖ്യാപിച്ചത്. പുതിയ നിരക്കുകൾ വരും ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് ആദ്യത്തെ $50,363 വരെയുള്ള വരുമാനത്തിന് നിലവിലുള്ള 5.06 ശതമാനം നികുതി, 5.6 ശതമാനമായി ഉയരും.  ഈ മാറ്റം മൂലം ഒരു ശരാശരി നികുതിദായകൻ പ്രതിവർഷം ഏകദേശം $76 അധികമായി  നൽകേണ്ടി വരും.

നികുതി നിരക്ക് കൂട്ടിയെങ്കിലും സാധാരണക്കാർക്ക് തിരിച്ചടിയാകാതിരിക്കാൻ സർക്കാർ ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ബി.സി. ടാക്സ് റിഡക്ഷൻ ക്രെഡിറ്റ് $690 ആയി ഉയർത്തി.$25,570-ന് താഴെ വരുമാനമുള്ളവർക്ക് ഈ ആനുകൂല്യം പൂർണ്ണമായും ലഭിക്കും. $44,950 വരെ വരുമാനമുള്ളവർക്കും നികുതിയിൽ ഇളവുകൾക്ക് അർഹതയുണ്ടാകും.ഇതുവഴി പാവപ്പെട്ടവർക്ക് സാമ്പത്തിക ലാഭമുണ്ടാകുമെന്നും, അധിക നികുതിയുടെ ഭാരം പ്രധാനമായും ഇടത്തരക്കാരും ഉയർന്ന വരുമാനക്കാരും വഹിക്കേണ്ടി വരുമെന്നും സർക്കാർ വ്യക്തമാക്കി.

മറ്റു പ്രവിശ്യകളുമായി താരതമ്യം ചെയ്യുമ്പോൾ ബി.സി.യിലെ നികുതി നിരക്ക് ഇപ്പോഴും കുറവാണെന്നതാണ് ആശ്വാസകരമായ വസ്തുത. ഉദാഹരണത്തിന്, ഒരു ലക്ഷം ഡോളർ വാർഷിക വരുമാനമുള്ള ഒരാൾ ബി.സി.യിൽ $4,786 നികുതി നൽകുമ്പോൾ, ആൽബർട്ടയിൽ അത് $5,470-ഉം നോവ സ്കോഷ്യയിൽ $10,383-ഉം ആണ്.സംസ്ഥാനത്തിൻ്റെ വർദ്ധിച്ചുവരുന്ന സാമ്പത്തിക കമ്മി പരിഹരിക്കാനാണ് ഇത്തരമൊരു കടുത്ത നീക്കത്തിന് സർക്കാർ മുതിർന്നത്. പുതിയ മാറ്റങ്ങളിലൂടെ 2029-ഓടെ നികുതി വരുമാനം 22 ബില്യൺ ഡോളറിലെത്തിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. വരും വർഷങ്ങളിൽ ടാക്സ് ബ്രാക്കറ്റുകൾ 2026-ലെ നിരക്കിൽ തന്നെ മരവിപ്പിക്കാനും ബജറ്റിൽ തീരുമാനമായിട്ടുണ്ട്.