കാനഡയുടെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിനും ആഭ്യന്തര പ്രതിരോധ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനുമായി 660 കോടി ഡോളറിൻ്റെ സമഗ്ര പദ്ധതി പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. മോൺട്രിയലിൽ നടന്ന ചടങ്ങിൽ രാജ്യത്തിൻ്റെ ആദ്യത്തെ 'ഡിഫൻസ് ഇൻഡസ്ട്രിയൽ സ്ട്രാറ്റജി' അദ്ദേഹം പുറത്തിറക്കി. കഴിഞ്ഞ പതിറ്റാണ്ടുകളിൽ പ്രതിരോധ മേഖലയിൽ ആവശ്യത്തിന് നിക്ഷേപം നടത്തുന്നതിൽ കാനഡ പരാജയപ്പെട്ടുവെന്നും മറ്റ് രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് സുരക്ഷാ വെല്ലുവിളികൾ ഉയർത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ പദ്ധതി പ്രകാരം അടുത്ത പത്ത് വർഷത്തിനുള്ളിൽ പ്രതിരോധ മേഖലയിൽ 1.25 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൂടാതെ, പ്രതിരോധ കരാറുകളിൽ കനേഡിയൻ കമ്പനികളുടെ വിഹിതം 70 ശതമാനമായി ഉയർത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആഭ്യന്തരമായി സൈനിക ഉപകരണങ്ങൾ നിർമ്മിക്കുന്നതിനും 'സോവറിൻ കേപ്പബിലിറ്റീസ്' സംരക്ഷിക്കുന്നതിനും മുൻഗണന നൽകുന്നതാണ് ഈ പുതിയ തന്ത്രം. 2026 സ്പ്രിംഗ് സീസണോടെ നാറ്റോയുടെ പ്രതിരോധ ചെലവ് ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് കാനഡ ഉറപ്പുനൽകി.
പ്രതിരോധ കയറ്റുമതിയിൽ 50 ശതമാനം വർദ്ധനവ് കൈവരിക്കാനും ആഭ്യന്തരമായി വെടിമരുന്ന് നിർമ്മാണശാലകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. നിലവിൽ കാനഡയുടെ നാവിക-വ്യോമസേനകളുടെ പ്രഹരശേഷി കുറവാണെന്നിരിക്കെ, യുദ്ധക്കപ്പലുകളുടെയും വിമാനങ്ങളുടെയും പ്രവർത്തനക്ഷമത 80 ശതമാനത്തിന് മുകളിൽ എത്തിക്കാനുള്ള കർശന ലക്ഷ്യങ്ങളും സർക്കാർ നിശ്ചയിച്ചു. പ്രതിരോധ നിക്ഷേപങ്ങൾക്കായി പ്രത്യേക ഏജൻസി രൂപീകരിക്കുമെന്നും വിദേശ സാങ്കേതിക വിദ്യകളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.