കാനഡയിലെ വിന്നിപെഗ് കേന്ദ്രീകരിച്ച് ടിക് ടോക് വഴി ഒപ്പിയം വിപണനം നടത്തിവന്ന രണ്ട് അക്കൗണ്ടുകൾ അധികൃതർ റദ്ദാക്കി. സി.ബി.സി ന്യൂസ് ഈ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ടിക് ടോക് നടപടിയെടുത്തത്.
പഞ്ചാബി ഭാഷയിൽ ഒപ്പിയത്തിന് പറയുന്ന 'ഫീം' എന്ന വാക്ക് ഉപയോഗിച്ചാണ് ഈ അക്കൗണ്ടുകൾ ലഹരിമരുന്ന് പരസ്യം ചെയ്തിരുന്നത്. കാനഡയിലെ മയക്കുമരുന്ന് നിയന്ത്രണ നിയമപ്രകാരം (Controlled Drugs and Substances Act) ഏറ്റവും ഗൗരവകരമായ 'ഒന്നാം ഷെഡ്യൂൾ' വിഭാഗത്തിൽപ്പെട്ട ലഹരിമരുന്നാണ് ഒപ്പിയം. ഇത് കൈവശം വെക്കുന്നതും വിൽക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.
2024 മുതൽ സജീവമായിരുന്ന ഈ അക്കൗണ്ടുകൾ പ്ലാറ്റ്‌ഫോമുകളുടെ സുരക്ഷാ പഴുതുകൾ മുതലെടുത്താണ് പ്രവർത്തിച്ചിരുന്നത്. ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങിയ പ്രധാന ഭാഷകളല്ലാത്ത പ്രാദേശിക ഭാഷകളിലുള്ള ഉള്ളടക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് പലപ്പോഴും സാധിക്കുന്നില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബി ഭാഷയിലായതിനാലാണ് ഈ അക്കൗണ്ടുകൾ ടിക് ടോക്കിന്റെ സുരക്ഷാ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് ഇത്രയും കാലം പ്രവർത്തിച്ചത്.
സംഭവം വിവാദമായതോടെ ടിക് ടോക് വക്താവ് പ്രതികരണവുമായി രംഗത്തെത്തി. നിലവിൽ 70-ലധികം ഭാഷകളിൽ തങ്ങൾ നിരീക്ഷണം നടത്തുന്നുണ്ടെന്നും നിയമവിരുദ്ധമായ സാധനങ്ങളുടെ വിപണനം പ്ലാറ്റ്‌ഫോമിൽ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.