കേരള നേറ്റിവിറ്റി കാര്‍ഡ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം 

By: 600002 On: Feb 18, 2026, 12:47 PM

 


കേരള നേറ്റിവിറ്റി കാര്‍ഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഒരാള്‍ കേരളീയനാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ നല്‍കി വരുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് മാതൃക ഉള്‍ക്കൊണ്ടാണ് നേറ്റിവിറ്റി കാര്‍ഡ് നല്‍കുക. കേരള സര്‍ക്കാര്‍ നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കും സാമൂഹ്യ ആവശ്യങ്ങള്‍ക്കും ഉപയോഗപ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാര്‍ഡ് അംഗീകരിക്കും. 

നേറ്റീവ് എന്നാല്‍ കേരളത്തില്‍ ജനിച്ച് വിദേശ പൗരത്വം സ്വീകരിക്കാത്തവരും തങ്ങളുടെ പൂര്‍വ്വികരില്‍ ഒരാള്‍ കേരളത്തില്‍ ജനിച്ചവരും വിദേശപൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശപൗരത്വം സ്വീകരിച്ചവര്‍ക്ക് നേറ്റിവിറ്റി കാര്‍ഡിന് അര്‍ഹതയുണ്ടായിരിക്കില്ല. നേറ്റവിറ്റി കാര്‍ഡ് ലഭിച്ച ശേഷം വിദേശപൗരത്വം സ്വീകരിക്കുന്ന പക്ഷം നേറ്റിവിറ്റി കാര്‍ഡ് അസാധുവാകും. തൊഴില്‍ സംബന്ധമായോ ജിവനോപാധി സംബന്ധമായ മറ്റ് കാരണങ്ങളാലോ മാതാപിതാക്കളോ പൂര്‍വികരോ കേരളത്തിന് പുറത്തായിരിക്കുമ്പോള്‍ അവിടെ ജനിച്ചവരെയും(വിദേശ പൗരത്വം ലഭിച്ചിട്ടില്ലാത്തവരെ) നേറ്റീവായി കണക്കാക്കും.