കാനഡയിലെ അതിശൈത്യത്തിനിടയിൽ മഞ്ഞുപാളികൾക്ക് മുകളിലൂടെയുള്ള നടത്തം അപകടമാണെന്ന കർശന മുന്നറിയിപ്പുമായി ടൊറൻ്റോ പൊലീസ്. സുരക്ഷിതമെന്ന് ഉറപ്പുള്ള ഇടങ്ങളിൽ മാത്രം വിനോദങ്ങളിൽ ഏർപ്പെടണമെന്നും "ഐസ് പാളികൾ കാണുന്നതുപോലെ ഉറപ്പുള്ളതാണെന്ന് കരുതരുത്" എന്നും പൊലീസ് ജനങ്ങളെ ഓർമ്മിപ്പിച്ചു. വരും ദിവസങ്ങളിൽ താപനില ഉയരുന്നത് മഞ്ഞുപാളികളെ കൂടുതൽ ദുർബലമാക്കുമെന്നും ഇത് അപകടസാധ്യത വർദ്ധിപ്പിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് കുട്ടികളും യുവാക്കളും ഇത്തരം സാഹസികതകൾക്ക് മുതിരാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
കഴിഞ്ഞ ദിവസം ടൊറൻ്റോ ഹാർബർഫ്രണ്ടിൽ ഒരു കൗമാരക്കാരൻ മഞ്ഞുപാളി തകർന്ന് ഐസ് വെള്ളത്തിലേക്ക് വീണ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. ക്വീൻസ് ക്വേ വെസ്റ്റിലെ പൊലീസ് മറൈൻ യൂണിറ്റ് സ്റ്റേഷന് തൊട്ടുമുന്നിലായിരുന്നു നടുക്കുന്ന ഈ സംഭവം നടന്നത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ജെറി കോളിൻസ് എന്ന വ്യക്തിയുടെ ധീരതയാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. തകരാൻ സാധ്യതയുള്ള മഞ്ഞുപാളിയിലൂടെ ഇഴഞ്ഞുനീങ്ങിയ അദ്ദേഹം കുട്ടിയെ കൈകളിൽ കോരിയെടുത്ത് സുരക്ഷിതമായി പുറത്തെത്തിച്ചു.
ഹാർബർഫ്രണ്ട് മേഖലയിൽ ഫെറി സർവീസുകൾക്കായി ബോട്ടുകൾ നിരന്തരം മഞ്ഞുപാളികൾ മുറിച്ചുമാറ്റാറുണ്ട്. അതുകൊണ്ടുതന്നെ ഇവിടുത്തെ ഐസ് പാളികൾക്ക് ഒട്ടും ഉറപ്പില്ല. ഈ അപകടസാധ്യത തിരിച്ചറിയാതെ പലരും മഞ്ഞിന് മുകളിലൂടെ നടക്കാൻ മുതിരുന്നത് പതിവാകുകയാണ്. അപകടങ്ങൾ ഒഴിവാക്കാൻ ജനങ്ങളുടെ ജാഗ്രത മാത്രമാണ് ഏക പോംവഴിയെന്നും അധികൃതർ വ്യക്തമാക്കി.