ഫാമിലി ഡേ വീക്കെൻഡിൽ കാൽഗറി നഗരത്തെ കണ്ണീരിലാഴ്ത്തി ദാരുണമായ വാഹനാപകടം. കാൽനടയാത്രക്കാർക്കായി അടയാളപ്പെടുത്തിയ സീബ്രാ ക്രോസിംഗിലൂടെ മാതാപിതാക്കൾ സ്ട്രോളറിൽ കൊണ്ടുപോവുകയായിരുന്ന രണ്ട് വയസ്സുകാരൻ എസ്‌യുവി ഇടിച്ചു മരിച്ചു. ഞായറാഴ്ച വൈകുന്നേരം 4:30-ഓടെ ഹൾ അവന്യൂവിനും ഹോർട്ടൺ റോഡിനും സമീപമാണ് അപകടമുണ്ടായത്.
ജീപ്പ് ചെറോക്കി ഭാഗത്തേക്ക് തിരിയുന്നതിനിടെ സ്ട്രോളറിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. അപകടത്തിൽ മാതാപിതാക്കൾക്ക് പരിക്കേറ്റിട്ടില്ല. ഈ വർഷം കാൽഗറിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏഴാമത്തെ ട്രാഫിക് മരണമാണിതെന്ന് കാൽഗറി പോലീസ് സർവീസ് (CPS) അറിയിച്ചു. അമിതവേഗതയോ ഡ്രൈവറുടെ ലഹരി ഉപയോഗമോ അപകടത്തിന് കാരണമായതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടില്ലെന്നും ഡ്രൈവർ പോലീസുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും ആക്ടിംഗ് ഇൻസ്പെക്ടർ മൈക്ക് ആൻഡേഴ്സൺ വ്യക്തമാക്കി.
കഴിഞ്ഞ വർഷം നഗരത്തിലെ ട്രാഫിക് മരണങ്ങൾ പത്തുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഈ സാഹചര്യത്തിൽ, കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.