കിളിമഞ്ചാരോയിൽ ആൽബർട്ട പതാക ഉയർത്തിയ മന്ത്രിയുടെ നടപടി വിവാദത്തിൽ; വിഘടനവാദ നിലപാടുകളിൽ ചോദ്യമുയരുന്നു

By: 600110 On: Feb 17, 2026, 10:52 AM

ആൽബർട്ട വിദ്യാഭ്യാസ-ശിശുക്ഷേമ മന്ത്രി ഡിമെട്രിയോസ് നിക്കോളൈഡ്‌സ്  ആഫ്രിക്കയിലെ കിളിമഞ്ചാരോ പർവ്വതനിരയിൽ പ്രവിശ്യാ പതാക ഉയർത്തിയത് കാനഡയിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തി. ഗാർഹിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട തൻ്റെ സഹോദരിയുടെ സ്മരണാർത്ഥം നടത്തിയ യാത്രയുടെ ഭാഗമായാണ് അദ്ദേഹം പതാക ഉയർത്തിയത്. എന്നാൽ, വിദേശ രാജ്യത്തെ ഒരു പർവ്വതമുകളിൽ കാനഡയുടെ ദേശീയ പതാകയ്ക്ക് പകരം ആൽബർട്ടയുടെ പതാക മാത്രം പ്രദർശിപ്പിച്ചത്, പ്രവിശ്യയെ കാനഡയിൽ നിന്ന് വേർപെടുത്തണമെന്നാവശ്യപ്പെടുന്ന 'സെപ്പറേഷൻ' പ്രസ്ഥാനങ്ങളോടുള്ള അദ്ദേഹത്തിൻ്റെ അനുഭാവമാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

നിലവിൽ ആൽബർട്ടയിൽ വിഘടനവാദത്തിനായുള്ള ഒപ്പുശേഖരണം സജീവമായി നടക്കുന്ന സാഹചര്യത്തിൽ മന്ത്രിയുടെ ഈ നടപടിക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതേ സമയം വിമർശനങ്ങളെ മന്ത്രിയുടെ ഓഫീസ് തള്ളി.  യാത്രയെ രാഷ്ട്രീയവൽക്കരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും സഹോദരിയുടെ സ്മരണയ്ക്കായി നടത്തിയ വൈകാരികമായൊരു നടപടിയെ ഇത്തരം ചർച്ചകളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. എന്നിരുന്നാലും, ഒരു കാബിനറ്റ് മന്ത്രിയെന്ന നിലയിൽ അദ്ദേഹം സ്വീകരിക്കുന്ന ഇത്തരം പ്രതീകാത്മകമായ നിലപാടുകൾ ഗൗരവകരമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ താൻ വിഘടനവാദവുമായി ബന്ധപ്പെട്ട ഭീമഹർജിയിൽ ഒപ്പിട്ടിട്ടില്ലെന്ന് നിക്കോളൈഡ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.