വാൻകൂവറിൽ മഞ്ഞുപാളികളുടെ അളവിൽ വൻ കുറവ്; വേനൽക്കാലത്ത് ജലക്ഷാമത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

By: 600110 On: Feb 17, 2026, 10:26 AM

വാൻകൂവർ ഉൾപ്പെടുന്ന ബ്രിട്ടീഷ് കൊളംബിയയുടെ സൌത്ത് കോസ്റ്റിൽ  മഞ്ഞുപാളികളുടെ  അളവിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ശൈത്യകാലം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും മഞ്ഞുപാളികളുടെ അളവ് സാധാരണ നിലയേക്കാൾ 40 ശതമാനത്തോളം കുറവാണെന്നാണ് ബി.സി. റിവർ ഫോർകാസ്റ്റ് സെൻ്റർ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നഗരത്തിൻ്റെ പ്രധാന ജലസ്രോതസ്സുകളായ സൗത്ത് കോസ്റ്റ് മേഖലയിൽ സാധാരണ ലഭിക്കേണ്ടതിൻ്റെ 61 ശതമാനവും ലോവർ ഫ്രേസർ മേഖലയിൽ 67 ശതമാനവും മഞ്ഞ് മാത്രമാണ് നിലവിലുള്ളത്.

ഈ വർഷം അനുഭവപ്പെട്ട താരതമ്യേന ഉയർന്ന താപനിലയാണ് മഞ്ഞുപാളികൾ കുറയാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പർവതനിരകളിൽ മഞ്ഞുരൂപത്തിൽ സംഭരിക്കപ്പെടുന്ന വെള്ളം വേനൽക്കാലത്ത് ഉരുകി പുഴകളിലൂടെ ഒഴുകിയെത്തുന്നതാണ് നഗരത്തിലെ ജലവിതരണത്തിൻ്റെ പ്രധാന സ്രോതസ്സ്. എന്നാൽ മഞ്ഞുപാളികൾ കുറയുന്നത് സ്വാഭാവിക ജലസംഭരണത്തെ ബാധിക്കുമെന്നും ഇത് വരാനിരിക്കുന്ന വേനൽക്കാലത്ത് കടുത്ത ജലക്ഷാമത്തിന് വഴിവെച്ചേക്കാമെന്നും ഹൈഡ്രോളജിസ്റ്റ് ജോനാഥൻ ബോയിഡ് മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യം ആശങ്കാജനകമാണെങ്കിലും, മുൻവർഷങ്ങളിലെ റെക്കോർഡ് കുറവിനേക്കാൾ (2024-ൽ 21%) മെച്ചപ്പെട്ട നിലയിലാണ് ഇപ്പോഴുള്ളതെന്നും അധികൃതർ കൂട്ടിച്ചേർത്തു.