എപ്സ്റ്റീന്‍ കേസ്: ഇരയെ തേടി അമേരിക്കന്‍ അന്വേഷണസംഘം ഇന്ത്യയിലേക്ക്

By: 600002 On: Feb 17, 2026, 9:38 AM

 

 

പി പി ചെറിയാന്‍


വാഷിംഗ്ടണ്‍ ഡി സി: ലൈംഗികാതിക്രമക്കേസിലെ പ്രതിയായിരുന്ന അന്തരിച്ച അമേരിക്കന്‍ ശതകോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീന്റെ ഇരകളില്‍ ഒരാള്‍ ഇന്ത്യയിലുണ്ടെന്ന് അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ രേഖകള്‍ വെളിപ്പെടുത്തുന്നു. ഇവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ചികിത്സാസഹായവും ലഭ്യമാക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെ എംബസിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചതായാണ് വിവരം.

2020 ജനുവരിയില്‍ കൈമാറിയ ഇമെയിലുകളിലാണ് ഇന്ത്യയിലുണ്ടെന്ന് കരുതപ്പെടുന്ന സ്ത്രീയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിവരിക്കുന്നത്. ഇവര്‍ക്ക് ന്യൂയോര്‍ക്ക് ക്രൈം വിക്ടിംസ് കോമ്പന്‍സേഷന്‍ വഴി സഹായം നല്‍കാനായിരുന്നു നീക്കം.

എപ്സ്റ്റീന്റെ ഇമെയില്‍ രേഖകളില്‍ ഇന്ത്യയിലെ പ്രമുഖരുടെ പേരുകളും പരാമര്‍ശിക്കുന്നുണ്ട്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സുമായി ചേര്‍ന്ന് 2017-ല്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനെക്കുറിച്ചും അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനെ കാണുന്നതിനെക്കുറിച്ചും എപ്സ്റ്റീന്‍ ചര്‍ച്ച ചെയ്തിരുന്നു.

ബിസിനസ് പ്രമുഖന്‍ അനില്‍ അംബാനി, കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവരുടെ പേരുകളും എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ആശയവിനിമയ രംഗത്തെ പ്രമുഖനായ ദിലീപ് ചെറിയാനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും രേഖകളില്‍ സൂചനയുണ്ട്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലെ പ്രതിയായ എപ്സ്റ്റീന്‍ 2019 ഓഗസ്റ്റില്‍ ജയിലില്‍ കഴിയവെയാണ് മരണപ്പെട്ടത്.