പി പി ചെറിയാന്‍
റോഡ് ഐലന്‍ഡ്: അമേരിക്കയിലെ റോഡ് ഐലന്‍ഡില്‍ സ്‌കൂള്‍ ഹോക്കി മത്സരത്തിനിടെ നടന്ന വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പവ്ടക്കറ്റിലെ ഡെനിസ് എം. ലിഞ്ച് അരീനയില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം.
വിവിധ സ്‌കൂളുകള്‍ തമ്മിലുള്ള ഹോക്കി മത്സരം നടന്നുകൊണ്ടിരിക്കെയാണ് വെടിവെപ്പുണ്ടായത്. അക്രമി സ്വന്തം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമാണ് ലക്ഷ്യം വെച്ചത്. വെടിവെപ്പിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.
റോബര്‍ട്ട് ഡോര്‍ഗന്‍ (56) എന്നയാളാണ് അക്രമിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ റോബര്‍ട്ട, എസ്‌പോസിറ്റോ എന്നീ പേരുകളും ഉപയോഗിച്ചിരുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങളാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാളുടെ മകള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ ധീരമായി ഇടപെട്ടത് വലിയൊരു ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചുവെന്ന് പോലീസ് ചീഫ് ടീന ഗോണ്‍കാല്‍വസ് പറഞ്ഞു. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.