ശൈത്യകാലത്ത് കാനയിൽ താമസിക്കുന്നവരിൽ വിറ്റാമിൻ ഡി-യുടെ അളവ് ഗണ്യമായി കുറയുന്നതായി റിപ്പോർട്ട്. പകൽ സമയം കുറയുന്നതും സൂര്യപ്രകാശം വേണ്ടത്ര ലഭിക്കാത്തതും ശരീരത്തിന്റെ സ്വാഭാവിക വിറ്റാമിൻ ഡി ഉൽപാദനത്തെ ബാധിക്കുന്നതാണ് ഇതിന് പ്രധാന കാരണം. ശക്തമായ എല്ലുകൾക്കും രോഗപ്രതിരോധ ശേഷിക്കും വിറ്റാമിൻ ഡി അത്യന്താപേക്ഷിതമാണെന്ന് പോഷകാഹാര വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
മുതിർന്നവർക്ക് പ്രതിദിനം 400 IU വിറ്റാമിൻ ഡി ആവശ്യമാണെന്ന് ഹെൽത്ത് കാനഡ നിർദ്ദേശിക്കുന്നു. പ്രായമായവർക്കും കുട്ടികൾക്കും ഇത് പ്രത്യേകമായി ആവശ്യമാണ്. കൊഴുപ്പുള്ള മത്സ്യങ്ങൾ, മുട്ട എന്നിവയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഡി കുറവ് പരിഹരിക്കാൻ 2025 അവസാനത്തോടെ പാൽ, മാർഗരൈൻ എന്നിവയിൽ ഈ വിറ്റാമിൻ നിർബന്ധമായും ചേർക്കണമെന്ന നിയമം കാനഡയിൽ നിലവിൽ വന്നിരുന്നു.
ശൈത്യകാലത്ത് ഭക്ഷണം കൊണ്ട് മാത്രം കുറവ് പരിഹരിക്കാൻ പ്രയാസമായതിനാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം സപ്ലിമെൻ്റുകൾ കഴിക്കുന്നത് ഗുണകരമാണ്. വിറ്റാമിൻ ഡിയുടെ കുറവ് അസ്ഥിരോഗങ്ങൾക്കും ശ്വസനസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമായേക്കാം. എന്നാൽ ഇത് അമിതമാകുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്നും, അതിനാൽ സപ്ലിമെൻ്റുകൾ തുടങ്ങുന്നതിന് മുൻപ് കൃത്യമായ പരിശോധന നടത്തണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.