ട്രംപിന്റെ വംശീയ അധിക്ഷേപം: രൂക്ഷമായി പ്രതികരിച്ച് ബരാക് ഒബാമ

By: 600002 On: Feb 16, 2026, 1:05 PM



 

പി പി ചെറിയാന്‍

 

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേല്‍ ഒബാമയെയും കുരങ്ങുകളായി ചിത്രീകരിക്കുന്ന വംശീയമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വീഡിയോ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച സംഭവത്തില്‍ ഒബാമ തന്റെ പ്രതികരണം അറിയിച്ചു.

യൂട്യൂബര്‍ ബ്രയാന്‍ ടൈലര്‍ കോഹനുമായി നടത്തിയ അഭിമുഖത്തിലാണ് ഒബാമ തന്റെ നിലപാട് വ്യക്തമാക്കിയത്. ട്രംപിന്റെ ഇത്തരം പെരുമാറ്റങ്ങള്‍ അമേരിക്കന്‍ ജനതയെ ആഴത്തില്‍ അസ്വസ്ഥരാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അന്തസ്സ് കൈവിടുന്നു: പണ്ട് കാലങ്ങളില്‍ ഭരണാധികാരികള്‍ പദവിയുടെ മര്യാദയും മാന്യതയും കാത്തുസൂക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം മൂല്യങ്ങളില്‍ ആര്‍ക്കും ലജ്ജയില്ലാത്ത അവസ്ഥയാണെന്ന് ഒബാമ കുറ്റപ്പെടുത്തി.

സോഷ്യല്‍ മീഡിയയിലും ടെലിവിഷനിലും നടക്കുന്നത് ഒരുതരം 'കോമാളി കളി' (Clown show) ആണെന്നും, ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രങ്ങളാണ് ഇതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

വീഡിയോ വിവാദമായെങ്കിലും മാപ്പ് പറയാന്‍ ട്രംപ് തയ്യാറായില്ല. 'തനിക്ക് തെറ്റ് പറ്റിയിട്ടില്ല' എന്നാണ് എയര്‍ഫോഴ്‌സ് വണ്ണില്‍ വെച്ച് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, ഒരു ജീവനക്കാരന് പറ്റിയ അബദ്ധമാണെന്ന് പറഞ്ഞ് വൈറ്റ് ഹൗസ് വീഡിയോ പിന്നീട് നീക്കം ചെയ്തു.

മിനിയാപൊളിസിലെ ഇമിഗ്രേഷന്‍ നടപടികളെയും ഒബാമ രൂക്ഷമായി വിമര്‍ശിച്ചു. ഫെഡറല്‍ ഏജന്റുമാര്‍ (ICE) ജനങ്ങളെ വീടുകളില്‍ നിന്ന് വലിച്ചിറക്കുന്നതും, മാതാപിതാക്കളെ പിടികൂടാന്‍ അഞ്ചു വയസ്സുള്ള കുട്ടികളെ ഇരയാക്കുന്നതും സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം മിനിയാപൊളിസില്‍ അലക്‌സ് പ്രെറ്റി എന്ന യുവാവ് കൊല്ലപ്പെട്ട സംഭവം രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അലക്‌സ് പ്രെറ്റി, റെനി ഗുഡ് എന്നിവരുടെ മരണത്തില്‍ ഗവണ്‍മെന്റ് നല്‍കുന്ന വിശദീകരണങ്ങള്‍ ശരിയായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ലെന്നും ഒബാമ ആരോപിച്ചു.