ഡാളസ് കേരള അസോസിയേഷന്‍ സംഘടിപ്പിച്ച ടാക്സ് സെമിനാര്‍ വിജ്ഞാനപ്രദമായി

By: 600002 On: Feb 16, 2026, 12:42 PM



 


പി പി ചെറിയാന്‍

ഗാര്‍ലന്‍ഡ്(ഡാളസ്): കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച വാര്‍ഷിക നികുതി സെമിനാര്‍ ഇന്ന് ഗാര്‍ലന്‍ഡിലെ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് വിജയകരമായി നടന്നു. പുതിയ നികുതി നിയമങ്ങളെക്കുറിച്ചും ഫയലിംഗ് രീതികളെക്കുറിച്ചും കൃത്യമായ ധാരണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിച്ച സെമിനാറിന് പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റും മുന്‍ ഐ.ആര്‍.എസ് (IRS) ഓഡിറ്ററുമായ ഹരി പിള്ള നേതൃത്വം നല്‍കി.

വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ലഭ്യമായ വിവിധ നികുതി ഇളവുകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം. പുതിയ നിയമങ്ങള്‍: ഈ വര്‍ഷത്തെ നികുതി ഫയലിംഗില്‍ ശ്രദ്ധിക്കേണ്ട പ്രധാന മാറ്റങ്ങള്‍,പ്ലാനിംഗ്,സമ്മര്‍ദ്ദമില്ലാതെ നികുതി അടയ്ക്കുന്നതിനായുള്ള സ്മാര്‍ട്ട് പ്ലാനിംഗ് രീതികള്‍.ഐ ആര്‍ എസ് പാലിക്കേണ്ട കാര്യങ്ങള്‍: ഐ.ആര്‍.എസ് ചട്ടങ്ങള്‍ ലംഘിക്കാതെ കൃത്യമായി ഫയലിംഗ് നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവ സെമിനാറില്‍  വിശദമായ ചര്‍ച്ചകള്‍ നടന്നു.

നിരവധി ആളുകള്‍ പങ്കെടുത്ത സെമിനാറില്‍, പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ സംശയങ്ങള്‍ നേരിട്ട് ചോദിക്കാനുള്ള അവസരവും ഉണ്ടായിരുന്നു. പുതിയ നികുതി സീസണിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ ഇത്തരം സെമിനാറുകള്‍ ഏറെ സഹായിക്കുമെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

തങ്ങളുടെ അംഗങ്ങള്‍ക്കും ഡാളസിലെ പ്രവാസി സമൂഹത്തിനും പ്രയോജനപ്രദമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വരും നാളുകളിലും തുടരുമെന്ന് കേരള അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു

കേരള അസോസിയേഷന്‍ പ്രസിഡന്റ് ഷിജു അബ്രഹാം സ്വാഗതവും സെക്രട്ടറി മഞ്ജിത് കൈനിക്കര നന്ദിയും പറഞ്ഞു.