ബി.സിയിൽ മഞ്ഞുവീഴ്ചയിൽ വൻ കുറവുണ്ടായത് വേനൽക്കാലത്ത് ജലക്ഷാമത്തിന് സാധ്യത വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ട്. അടുത്ത ആഴ്ച വാൻകൂവറിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെങ്കിലും, ഈ വർഷത്തെ മഞ്ഞുപാളികളുടെ അളവ് സാധാരണയേക്കാൾ 40 ശതമാനത്തോളം കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബി.സി. റിവർ ഫോർകാസ്റ്റ് സെൻ്റർ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെട്രോ വാൻകൂവർ ഉൾപ്പെടുന്ന സൗത്ത് കോസ്റ്റ്, ലോവർ ഫ്രേസർ മേഖലകളിൽ മഞ്ഞുപാളികളുടെ അളവ് യഥാക്രമം 61 ശതമാനവും 67 ശതമാനവും മാത്രമാണ്.
ഈ വർഷം അനുഭവപ്പെട്ട അസാധാരണമായ ചൂടും ശൈത്യത്തിൻ്റെ കുറവുമാണ് ഈ പ്രതിഭാസത്തിന് പ്രധാന കാരണമെന്ന് ഹൈഡ്രോളജിസ്റ്റായ ജോനാഥൻ ബോയ്ഡ് വ്യക്തമാക്കി. മഞ്ഞുപാളികളുടെ ഈ കുറവ് വിനോദസഞ്ചാര മേഖലയെ മാത്രമല്ല, വരാനിരിക്കുന്ന വേനൽക്കാലത്തെ ജലലഭ്യതയെയും സങ്കീർണ്ണമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പർവ്വതനിരകളിൽ സംഭരിക്കപ്പെടുന്ന മഞ്ഞ് ഒരു സ്വാഭാവിക ജലസംഭരണിയായിട്ടാണ് പ്രവർത്തിക്കുന്നത്. മഴവെള്ളം പെട്ടെന്ന് ഒഴുകിപ്പോകുമ്പോൾ, മഞ്ഞുപാളികൾ വെള്ളത്തെ പതുക്കെ പുറത്തു വിടുകയും സ്പ്രിംഗ് സീസണിലും സമ്മർ സീസണിലും നദികളിലെയും അണക്കെട്ടുകളിലെയും ജലനിരപ്പ് നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. മഞ്ഞിൻ്റെ കുറവ് മൂലം ഇത്തവണ ജലവിതരണത്തിൽ വലിയ പ്രതിസന്ധി ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ.