ഹൂസ്റ്റണിലെ സ്‌മോക്ക് ഷോപ്പ് ഉടമ വെടിയേറ്റ് മരിച്ച നിലയില്‍; ഒരാള്‍ കസ്റ്റഡിയില്‍

By: 600002 On: Feb 16, 2026, 11:59 AM



 

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: വടക്കന്‍ ഹൂസ്റ്റണിലെ ഒരു സ്‌മോക്ക് ഷോപ്പിനുള്ളില്‍ ഉടമയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നോര്‍ത്ത് ഹൂസ്റ്റണ്‍ റോസ്ലിന്‍ റോഡിലെ 'ഡേസ് എലവേറ്റഡ്' എന്ന കടയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെ ജോലിക്ക് എത്തിയ ജീവനക്കാരനാണ് ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കടയുടെ പിന്നില്‍ വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് വെടിവെപ്പ് നടന്നതെന്ന് കരുതപ്പെടുന്നു.

ഉച്ചയ്ക്ക് കടയുടെ മുന്നില്‍ ഉടമയുടെ കാര്‍ കാണാത്തതിനെ തുടര്‍ന്ന് അകത്തു കയറി പരിശോധിച്ച ജീവനക്കാരനാണ് വിവരം പോലീസിനെ അറിയിച്ചത്. ഈ കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മോഷ്ടിച്ച കാറുമായി പോകുന്നതിനിടെയാണ് പിടിയിലായത്.

മരിച്ച വ്യക്തിയുടെ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹൂസ്റ്റണ്‍ പോലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ്.