കാൽഗറിയിൽ റോഡ് അപകടങ്ങൾ പെരുകുന്നു. ഈ വർഷം വെറും ആറാഴ്ച പിന്നിടുമ്പോഴേക്കും അഞ്ചുപേർക്കാണ് വാഹനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്.അമിതവേഗതയാണ് ഭൂരിഭാഗം അപകടങ്ങൾക്കും പിന്നിലെന്ന് പോലീസ് വിലയിരുത്തുന്നു. 84 സ്ട്രീറ്റിലും (84 Street S.E), 16 അവന്യൂവിലും ഉണ്ടായ ദാരുണമായ അപകടങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. 84 സ്ട്രീറ്റിലുണ്ടായ അപകടത്തിൽ ഇരുപതുകാരനായ ഒരു യുവാവിനാണ് ജീവൻ നഷ്ടമായത്.
നഗരത്തിലെ റോഡുകളിലൂടെ യാത്ര ചെയ്യാൻ ഇപ്പോൾ പേടിയാണെന്ന് ഡ്രൈവർമാർ തന്നെ പറയുന്നു. "വാഹനങ്ങൾ അമിതവേഗതയിലാണ് പായുന്നത്, പലരും ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തുകയാണ്," എന്ന് യാത്രക്കാരിയായ അലിസൺ സ്റ്റീൽ മാധ്യമങ്ങളോട് പറഞ്ഞു. പലരും കൃത്യമായി സിഗ്നലുകൾ നൽകാതെ പെട്ടെന്ന് വരികൾ മാറി വണ്ടി വെട്ടിച്ചു കയറ്റുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
കഴിഞ്ഞ ക്രിസ്മസിന് തൻ്റെ കാർ പൂർണ്ണമായും തകർന്നുപോയ അപകടത്തെക്കുറിച്ച് ഷെറി റീബർൺ എന്ന സ്ത്രീ ഓർത്തെടുത്തു. ഡ്രൈവിങ്ങിനിടയിലെ ഫോൺ ഉപയോഗമാണ് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നത്. ഡ്രൈവർമാർ കൂടുതൽ ശ്രദ്ധ പുലർത്തുന്നതിനോടൊപ്പം, കാൽനടയാത്രക്കാർ രാത്രികാലങ്ങളിൽ തിരിച്ചറിയാൻ എളുപ്പമുള്ള തിളക്കമുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും അവർ നിർദ്ദേശിച്ചു.
കഴിഞ്ഞ വർഷം നഗരത്തിൽ 38 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇത് പത്തു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കായിരുന്നു. എന്നാൽ 2026-ൻ്റെ തുടക്കം തന്നെ ഇത്രയും മോശമായ സ്ഥിതിക്ക്, അപകടങ്ങൾ ഇതേപോലെ തുടർന്നാൽ ഈ വർഷം മരണസംഖ്യ 40 കടന്നേക്കുമെന്നാണ് ആശങ്ക.