ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജിൽ വെടിവെപ്പ് നടത്തിയ 18 വയസ്സുകാരി ജെസ്സി വാൻ റൂട്ട്‌സെലാറെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദാരുണമായ സ്കൂൾ വെടിവെപ്പുകളിൽ ഒന്നായി കരുതപ്പെടുന്ന ആക്രമണത്തിൽ എട്ട് പേരായിരുന്നു കൊല്ലപ്പെട്ടത്.
ആക്രമണത്തിന് മുൻപ് ജെസ്സി ഒരു വീഡിയോ ഗെയിം നിർമ്മിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. റോബ്ലോക്സ് (Roblox) പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഈ ഗെയിം ഒരു ഷോപ്പിംഗ് മാളിനുള്ളിൽ കൂട്ടക്കൊല നടത്തുന്ന രീതിയിലുള്ളതായിരുന്നു. ഇതിൻ്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ റോബ്ലോക്സ് അധികൃതർ ജെസ്സിയുടെ അക്കൗണ്ട് നീക്കം ചെയ്തു. യഥാർത്ഥ തോക്കുകൾ കൈകാര്യം ചെയ്യുന്ന ജെസ്സിയുടെ വീഡിയോകൾ നേരത്തെ പുറത്തുവന്നിരുന്നു. ഡിസേർട്ട് ഈഗിൾ പിസ്റ്റൾ, ഷോട്ട്ഗൺ എന്നിവ ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് ഇതിലുണ്ടായിരുന്നത്.
ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാതെ അലഞ്ഞുതിരിയുന്ന ജീവിതശൈലിയായിരുന്നു ജെസ്സിയുടേതെന്ന് കോടതി രേഖകൾ പറയുന്നു. ഇവരുടെ മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പലതവണ പോലീസ് വീട്ടിലെത്തിയിട്ടുണ്ട്. സ്വന്തം വീട്ടിൽ വെച്ച് അമ്മയെയും അനിയനെയും കൊലപ്പെടുത്തിയ ശേഷമാണ് ജെസ്സി സ്കൂളിലെത്തിയത്. ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ പ്രവേശിച്ച ജെസ്സി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ വെടിയുതിർത്തു. അഞ്ച് വിദ്യാർത്ഥികളും ഒരു അധ്യാപകനുമടക്കം എട്ട് പേർ ഈ അക്രമത്തിൽ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു.