ടൊറൻ്റോയിൽ നഗരസഭാ ജീവനക്കാർ ഉൾപ്പെട്ട തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ട് ഓഡിറ്റർ ജനറൽ . നഗരസഭയുടെ മെയിൽ റൂമുകളിൽ നിന്ന് പാഴ്സലുകൾ മോഷ്ടിക്കുക, സുരക്ഷാ ഉപകരണങ്ങൾ മറിച്ചുവിൽക്കുക, വ്യാജ അവധി എടുത്ത് രണ്ടാമതൊരു ജോലിക്ക് പോകുക തുടങ്ങി ഗുരുതരമായ തട്ടിപ്പുകളാണ് റിപ്പോർട്ടിലുള്ളത്. ഏകദേശം 2.5 മില്യൺ ഡോളറിൻ്റെ നഷ്ടം നഗരസഭയ്ക്ക് ഉണ്ടാക്കുമായിരുന്ന വലിയൊരു വൈദ്യുതി തട്ടിപ്പ് അന്വേഷണത്തിലൂടെ തടയാനായി.
സബ് കോൺട്രാക്ടർമാരുടെ വിലവിവരപ്പട്ടികയിൽ കൃത്രിമം കാട്ടി ഒരു കരാർ കമ്പനി 1.1 മില്യൺ ഡോളർ അധികമായി തട്ടിയെടുത്തു. ഈ കമ്പനിയെ അഞ്ച് വർഷത്തേക്ക് നഗരസഭയുടെ ജോലികളിൽ നിന്ന് വിലക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 21,100 ഡോളർ വിലമതിക്കുന്ന ഇരുപതിലേറെ പാഴ്സലുകളാണ് നഗരസഭാ മെയിൽറൂമുകളിൽ നിന്ന് കാണാതായത്. സംഭവത്തിൽ കുറ്റക്കാരനായ ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ശമ്പളത്തോടു കൂടിയ അവധി എടുത്ത് മറ്റൊരു ജോലിക്ക് പോയ ജീവനക്കാരനെ പിടികൂടി. ഇയാൾ കൈപ്പറ്റിയ 3,200 ഡോളർ തിരികെ അടപ്പിക്കുകയും ജോലിയിൽ നിന്ന് രാജിവയ്പ്പിക്കുകയും ചെയ്തു.
നഗരസഭ നൽകിയ മാസ്കും ഗ്ലൗസും ഓൺലൈൻ വഴി വിറ്റ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. കൂടാതെ, അർഹരായവർക്ക് നൽകാനെന്ന പേരിൽ 53,000 ഡോളറിൻ്റെ ഗിഫ്റ്റ് കാർഡുകൾ വാങ്ങി തട്ടിപ്പ് നടത്തിയ ജീവനക്കാരനെ പുറത്താക്കി തുക തിരിച്ചുപിടിച്ചു. ചികിത്സ തേടാതെ തന്നെ 85 വ്യാജ മെഡിക്കൽ ക്ലെയിമുകൾ നൽകി പണം തട്ടാൻ ശ്രമിച്ച മറ്റൊരു ജീവനക്കാരനും രാജിവെച്ചു. 2025-ൽ ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ, കഴിഞ്ഞ വർഷം മാത്രം നഗരസഭയ്ക്ക് 4.5 മില്യൺ ഡോളറിൻ്റെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. ഇതിൽ വലിയൊരു ഭാഗം സബ്‌സിഡി കൈകാര്യം ചെയ്യുന്ന വിഭാഗവുമായി ബന്ധപ്പെട്ടതാണ്.