കാനഡയിൽ നിന്നും വേർപെട്ട് ആൽബർട്ടയെ ഒരു സ്വതന്ത്ര രാജ്യമാക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട ജനഹിതപരിശോധനയ്ക്കുള്ള ഹർജിയിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് . പൗരന്മാർ മുൻകൈയെടുത്ത് നടത്തുന്ന ഇത്തരം നീക്കങ്ങളിൽ ഭരണാധികാരി എന്ന നിലയിൽ താൻ ഇടപെടില്ലെന്നും, പൊതുജനങ്ങളുടെ താല്പര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും സ്മിത്ത് പറഞ്ഞു.
'സ്റ്റേ ഫ്രീ ആൽബർട്ട' എന്ന സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ഒപ്പുശേഖരണത്തിന് മെയ് മാസം വരെ സമയമുണ്ട്. ഏകദേശം 1,78,000 ഒപ്പുകൾ ശേഖരിക്കാൻ സാധിച്ചാൽ മാത്രമേ സർക്കാരിന് ഈ വിഷയത്തിൽ ജനഹിതപരിശോധനയെക്കുറിച്ച് ആലോചിക്കാൻ സാധിക്കൂ. കാനഡയ്ക്കുള്ളിൽ നിന്നുകൊണ്ടുള്ള പരമാധികാരമുള്ള ആൽബർട്ടയെയാണ് താൻ പിന്തുണയ്ക്കുന്നതെന്ന് സ്മിത്ത് ആവർത്തിച്ചു. അതേസമയം, വിഘടനവാദ നീക്കത്തെ പരസ്യമായി തള്ളിക്കളയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്മിത്ത് അതിന് തയ്യാറായിട്ടില്ല.
സ്മിത്തിൻ്റെ മന്ത്രിസഭയിലെ അംഗങ്ങളായ ഡെമെട്രിയോസ് നിക്കോളൈഡ്സ്, ഗ്രാൻ്റ് ഹണ്ടർ, ജേസൺ നിക്സൺ എന്നിവരും ഹർജിയിൽ ഒപ്പിട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കനേഡിയൻ ഫെഡറലിസത്തിൽ വിശ്വാസം നഷ്ടപ്പെട്ട പൗരന്മാരെ താൻ കുറ്റപ്പെടുത്തില്ലെന്നും, ആൽബർട്ടയുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ടത് ഫെഡറൽ സർക്കാരിൻ്റെയും പ്രവിശ്യാ സർക്കാരിൻ്റെയും ഉത്തരവാദിത്തമാണെന്നും പ്രീമിയർ കൂട്ടിച്ചേർത്തു.