കാനഡയിലെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായ കാൽഗറിയിലെ ജനസംഖ്യ അടുത്ത നാലഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം കടക്കുമെന്ന് മേയർ ജെറമി ഫർകാസ്. തൻ്റെ ആദ്യ ഔദ്യോഗിക കാലാവധി അവസാനിക്കുന്ന 2029-30 കാലയളവിൽ നഗരം ഈ നിർണ്ണായക നാഴികക്കല്ല് പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിൻ്റെ പശ്ചാത്തല സൗകര്യങ്ങൾ, ഗതാഗതം, അടിയന്തര സേവനങ്ങൾ എന്നിവയിൽ വർദ്ധിച്ചുവരുന്ന ഈ ജനസംഖ്യ വലിയ സമ്മർദ്ദം ചെലുത്തുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ശരിയായ ആസൂത്രണത്തോടെ മുന്നോട്ട് പോയാൽ ഇതൊരു വലിയ അവസരമാണെന്നും, മറിച്ചാണെങ്കിൽ അതൊരു പ്രതിസന്ധിയായി മാറുമെന്നും മേയർ തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും തുടർന്നു നടന്ന അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാൽഗറിയിൽ അഭൂതപൂർവമായ ജനസംഖ്യാ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. 1884-ൽ നഗരമായി അംഗീകരിക്കപ്പെട്ട കാൽഗറിക്ക് ആദ്യത്തെ 10 ലക്ഷം ജനസംഖ്യയിലെത്താൻ 120 വർഷത്തിലേറെ വേണ്ടി വന്നു. എന്നാൽ അടുത്ത 25-30 വർഷത്തിനുള്ളിൽ ആ സംഖ്യ ഇരട്ടിയാകുന്നത് നഗരത്തിൻ്റെ ദ്രുതഗതിയിലുള്ള വളർച്ചയെയാണ് സൂചിപ്പിക്കുന്നത്. 2023-24 കാലയളവിൽ മാത്രം ഏകദേശം 1.7 ലക്ഷത്തിലധികം ആളുകളാണ് കാല്ഗറിയിൽ പുതുതായി എത്തിയത്. കുടിയേറ്റക്കാരും വിദ്യാർത്ഥികളും പ്രൊഫഷണലുകളും ഉൾപ്പെടെയുള്ളവരെ സ്വാഗതം ചെയ്യാൻ ഒരുങ്ങുന്ന കാൽഗറി, കാനഡയിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രമായി മാറാനുള്ള തയ്യാറെടുപ്പിലാണെന്നും ഫർകാസ് കൂട്ടിച്ചേർത്തു.