കാനഡയിലെ മാനിറ്റോബയിൽ 19-കാരിയായ യുവതിയുടെ ഒടിഞ്ഞ കൈ തിരിച്ചറിയുന്നതിൽ ഡോക്ടർക്ക് വീഴ്ച പറ്റിയതായി പരാതി. സെൽക്കിർക്ക് റീജിയണൽ ഹെൽത്ത് സെൻ്ററിലെ എമർജൻസി വിഭാഗത്തിൽ 14 മണിക്കൂറോളം വേദന കൊണ്ട് പുളഞ്ഞ് കാത്തിരുന്നിട്ടും, പരിശോധനയ്ക്ക് ശേഷം കുഴപ്പമില്ലെന്ന് പറഞ്ഞ് ഡോക്ടർ യുവതിയെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.
ഫെബ്രുവരി നാലിന് രാത്രി വീടിനുള്ളിൽ തെന്നിവീണ് കൈക്ക് പരിക്കേറ്റ കേറ്റിലിൻ ഡൺ എന്ന യുവതിക്കാണ് ആരോഗ്യവകുപ്പിൻ്റെ ഭാഗത്തുനിന്നും ഈ ദുരനുഭവം ഉണ്ടായത്. എക്സ്-റേ പരിശോധന നടത്തി മണിക്കൂറുകൾക്ക് ശേഷം തന്നെ കണ്ട ഡോക്ടർ, എല്ലിന് ഒടിവില്ലെന്നും ഐസ് ഉപയോഗിച്ച് തടവിയാൽ മതിയെന്നുമാണ് നിർദ്ദേശിച്ചതെന്ന് യുവതി പറഞ്ഞു.എന്നാൽ വേദന കഠിനമായതിനെ തുടർന്ന് തൊട്ടടുത്ത ദിവസം വിന്നിപെഗിലെ മറ്റൊരു ക്ലിനിക്കിൽ ചികിത്സ തേടിയപ്പോഴാണ് കൈയുടെ രണ്ട് ഭാഗങ്ങൾ ഒടിഞ്ഞതായി കണ്ടെത്തിയത്. അന്ന് ശരിയായ ചികിത്സ ലഭിച്ചില്ലായിരുന്നെങ്കിൽ കൈത്തണ്ടയുടെ ആരോഗ്യം ഗുരുതരമായി ബാധിക്കുമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.
നിലവിൽ കയ്യിൽ പ്ലാസ്റ്റർ ഇട്ട കേറ്റിലിൻ, ആശുപത്രി അധികൃതരുടെ അനാസ്ഥയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പ്രവിശ്യയിലെ ആരോഗ്യമേഖലയിള്ള തൻ്റെ വിശ്വാസം ഈ സംഭവത്തോടെ തകർന്നുവെന്നും യുവതി കൂട്ടിച്ചേർത്തു.