അന്താരാഷ്ട്ര വാര്‍ത്താ രചനാ മത്സരം: വിജയികളെ ഫെബ്രുവരി 21 ന് ആദരിക്കുന്നു

By: 600002 On: Feb 13, 2026, 5:33 PM


 


തോമസ് മാത്യു ജോയ്‌സ് 


ഡാളസ്: ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബും (IAPC) ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സിലും (GIC) സംയുക്തമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ അന്താരാഷ്ട്ര വാര്‍ത്താ രചനാ മത്സരത്തിലെ വിജയികളെ ആദരിക്കുന്നു. ഫെബ്രുവരി 21 ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30-ന് (9.00 AM CST) സൂം പ്ലാറ്റ്ഫോമില്‍ നടക്കുന്ന വെര്‍ച്വല്‍ യോഗത്തില്‍ വെച്ചാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതും വിജയികളെ ആദരിക്കുന്നതും.

ലോകമെമ്പാടുമുള്ള യുവ മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ദ്യുതി സൂസന്‍ സഖറിയ ഒന്നാം സ്ഥാനം നേടി. ബംഗളൂരുവിലെ മണിപ്പാല്‍ അക്കാദമി ഓഫ് ഹൈയര്‍ എജുക്കേഷനിലെ പി.ജി.വിദ്യാര്‍ത്ഥിനിയായ ദ്യുതിക്ക് 50,001 രൂപയാണ് പുരസ്‌കാരം. വസ്തുതാപരമായ കൃത്യതയും പ്രൊഫഷണല്‍ മികവും പുലര്‍ത്തിയ രചനയാണ് ദ്യുതിയുടേതെന്ന് സമിതി വിലയിരുത്തി. 

കേരള സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ നെബ അന്ന തോമസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. നേബയ്ക്ക് 30,001 രൂപ പുരസ്‌കാരമായി ലഭിക്കും. മനുഷ്യകഥകളെ മുന്‍നിരയില്‍ കൊണ്ടുവന്ന നേബയുടെ രചന പത്രപ്രവര്‍ത്തനത്തിലെ വേറിട്ട ശൈലി പ്രതിഫലിപ്പിച്ചു. പശ്ചിമ ബംഗാളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി എഴുത്തുകാരനായ സുഭോദീപ് ചൗധരി സാമൂഹിക പ്രതിബദ്ധതയുള്ള രചനയിലൂടെയാണ് മൂന്നാം സ്ഥാനം നേടിയത്. സുഭോദിപിന് 10,001 രൂപ സമ്മാനത്തുകയായി ലഭിക്കും.

പ്രശസ്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ന്യൂഡല്‍ഹി കേരള ക്ലബ് പ്രസിഡന്റുമായ എ.ജെ. ഫിലിപ്പ്, മാസ്‌കോം (മനോരമ സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍) അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി ചടങ്ങില്‍ പങ്കെടുക്കും.

മാധ്യമരംഗത്തെ പുതിയ തലമുറയുടെ സര്‍ഗ്ഗാത്മകതയെയും സത്യസന്ധതയെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. വാര്‍ത്താ രചനയില്‍ മികച്ച നിലവാരം പുലര്‍ത്തിയ വിജയികളെ അനുമോദിക്കുന്നതിനായി എല്ലാവരുടെയും സാന്നിധ്യം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്കായി www.indoamericanpressclub.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

റിപ്പോര്ട്ട് : പട്രീഷ്യ ഉമാശങ്കര്‍