ഒൻ്റാരിയോയിലെ കോളേജുകൾക്കും സർവ്വകലാശാലകൾക്കുമായി നാല് വർഷത്തിനുള്ളിൽ 6.4 ബില്യൺ ഡോളറിൻ്റെ പുതിയ ധനസഹായം നൽകുമെന്ന് പ്രൊവിൻഷ്യൽ സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ, വർഷങ്ങളായി നിലനിന്നിരുന്ന ട്യൂഷൻ ഫ്രീസ് പിൻവലിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പുതിയ തീരുമാനപ്രകാരം, വരും വർഷങ്ങളിൽ ട്യൂഷൻ ഫീസിൽ പ്രതിവർഷം 2 ശതമാനം വരെ വർദ്ധനവുണ്ടാകും. ഒൻ്റാരിയോ സ്റ്റുഡൻ്റ് അസിസ്റ്റൻസ് പ്രോഗ്രാം (OSAP) വഴിയുള്ള സാമ്പത്തിക സഹായത്തിലും വലിയ മാറ്റങ്ങളുണ്ട്.
ഇനി മുതൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ആകെ സഹായത്തിൻ്റെ 25 ശതമാനം മാത്രമേ തിരിച്ചടയ്ക്കേണ്ടാത്ത ഗ്രാൻ്റുകളായി ലഭിക്കൂ; ബാക്കി 75 ശതമാനവും ലോണുകളായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനും ഭാവിയിലേക്ക് സജ്ജമാക്കാനുമാണ് ഈ നടപടിയെന്ന് കോളേജ്-സർവ്വകലാശാലാ മന്ത്രി നോളൻ ക്വിൻ പറഞ്ഞു.
അതേസമയം, സർക്കാരിൻ്റെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വന്ന കുറവ് മൂലമുണ്ടായ വരുമാന നഷ്ടം പരിഹരിക്കാൻ സർക്കാർ മതിയായ സഹായം നൽകുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ജോലിയില്ലാത്ത സാഹചര്യത്തിൽ പഠനച്ചെലവ് വർദ്ധിക്കുന്നതും ഗ്രാൻ്റുകൾ കുറച്ച് ലോണുകൾ വർദ്ധിപ്പിക്കുന്നതും യുവതലമുറയെ കടുത്ത കടക്കെണിയിലേക്ക് തള്ളിയിടുമെന്ന് എൻ.ഡി.പി ആശങ്ക പ്രകടിപ്പിച്ചു.