കാനഡയിലെ പീൽ മേഖലയിൽ കുടിയേറ്റ കുടുംബങ്ങളെയും ബിസിനസ് സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ഗുണ്ടാ സംഘങ്ങളുടെ ഭീഷണി രൂക്ഷമാകുന്നതായി റിപ്പോർട്ട്. പണം ആവശ്യപ്പെട്ടുള്ള ഭീഷണിയെത്തുടർന്ന് ജനങ്ങൾ കടുത്ത ഭീതിയിലാണ്. ഭീഷണിക്ക് വഴങ്ങാത്തവരുടെ വീടുകൾക്ക് നേരെ വെടിയുതിർക്കുക, തീയിടുക തുടങ്ങിയ ക്രൂരമായ അതിക്രമങ്ങളാണ് അരങ്ങേറുന്നത്. ഇതിൽ മനംനൊന്ത് കാലിഡണിലെ ഒരു കുടുംബം സുരക്ഷിതത്വം തേടി അമേരിക്കയിലേക്ക് താമസം മാറാൻ തീരുമാനിച്ചുവെന്നും റിപ്പോർട്ടുകളുണ്ട. പീൽ മേഖലയിലെ ദക്ഷിണേഷ്യൻ സമൂഹത്തെയാണ് കുറ്റവാളികൾ പ്രധാനമായും വേട്ടയാടുന്നത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി നൂറുകണക്കിന് കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ ഭീഷണി നേരിടാൻ പീൽ പോലീസ് രണ്ട് വർഷം മുമ്പ് രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സ് ഇന്ന് സേനയിലെ ഏറ്റവും വലിയ യൂണിറ്റുകളിൽ ഒന്നാണ്. ആർ.സി.എം.പി, കാൽഗറി പോലീസ്, സറേ പോലീസ് എന്നിവരും ചേർന്നുള്ള സംയുക്ത അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ, കുറ്റകൃത്യങ്ങൾ പല പ്രവിശ്യകളിലേക്കും വിദേശ രാജ്യങ്ങളിലേക്കും വ്യാപിച്ചു കിടക്കുന്നത് പോലീസിന് വലിയ വെല്ലുവിളിയാവുകയാണ്. പ്രതികൾ ഉപയോഗിക്കുന്ന അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളും നിയമപരമായ നൂലാമാലകളും ഇവരെ പിടികൂടുന്നത് ദുഷ്കരമാക്കുന്നു. വധഭീഷണി ഭയന്ന് പലരും പരാതി നൽകാൻ തയ്യാറാകാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള വലിയ കുറ്റകൃത്യങ്ങൾക്കായി പണം കണ്ടെത്താനാണ് ഈ ഗുണ്ടാ സംഘങ്ങൾ സാധാരണക്കാരെ ഭീഷണിപ്പെടുത്തുന്നത്. പോലീസിൽ നിന്ന് ആവശ്യമായ സംരക്ഷണം ലഭിക്കുന്നില്ലെന്നും തങ്ങൾ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണെന്നുമാണ് പ്രദേശവാസികളുടെ പരാതി. സുരക്ഷ വർദ്ധിപ്പിക്കുമെന്നും കുറ്റവാളികളെ പിടികൂടുമെന്നും പോലീസ് ഉറപ്പുനൽകുന്നുണ്ടെങ്കിലും, ഓരോ ദിവസവും പുറത്തുവരുന്ന അക്രമ വാർത്തകൾ പീൽ മേഖലയിലെ ജനങ്ങളെ ഭീതിയുടെ നിഴലിൽ തന്നെ നിർത്തുകയാണ്.