ക്യൂബയിലേക്ക് പോകാനൊരുങ്ങുന്നവർക്കുള്ള യാത്രാ മുന്നറിയിപ്പ് പുതുക്കി കാനഡ

By: 600110 On: Feb 13, 2026, 9:19 AM

 

ക്യൂബയിലേക്കുള്ള യാത്രാ മുന്നറിയിപ്പുകൾ പരിഷ്കരിച്ച്  കാനഡ സർക്കാർ. നിലവിലെ സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കാനഡ തങ്ങളുടെ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകി. ബുധനാഴ്ച പുറത്തിറക്കിയ മുന്നറിയിപ്പിലാണ് ഇത് സംബന്ധിച്ച പരാമർശം ഉള്ളതത്. അപകട നിലവാരം 'മഞ്ഞ'യിൽ (അങ്ങേയറ്റത്തെ ജാഗ്രത) നിന്നും 'ഓറഞ്ച്' (അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക) എന്ന നിലയിലേക്കാണ് ഉയർത്തിയിരിക്കുന്നത്.

ക്യൂബയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇന്ധനക്ഷാമമാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്; ഒപ്പം ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ ക്ഷാമം നേരിടുന്നുണ്ട്. ഇത് വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബാധിക്കാനിടയുള്ളതിനാൽ സഞ്ചാരികൾ വലഞ്ഞേക്കാം. ദ്വീപിലുടനീളമുള്ള ഗതാഗത സംവിധാനങ്ങൾ താറുമാറായതോടെ കനേഡിയൻ എയർലൈനുകൾ ക്യൂബയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. നിലവിൽ അവിടെയുള്ള കനേഡിയൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ വിമാനക്കമ്പനികൾ തുടങ്ങിക്കഴിഞ്ഞു. ക്യൂബൻ വിമാനത്താവളങ്ങളിൽ ഇന്ധനം ലഭ്യമല്ലാത്തത് വിമാന സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. പല വിമാനങ്ങൾക്കും അധിക ഇന്ധനം കരുതേണ്ടി വരുന്നതും സർവീസുകൾ റദ്ദാക്കാൻ കാരണമാകുന്നു.

എയർ കാനഡ തങ്ങളുടെ വരാനിരിക്കുന്ന ബുക്കിംഗുകൾ റദ്ദാക്കുകയും യാത്രക്കാർക്ക് പണം തിരികെ നൽകുമെന്ന് അറിയിക്കുകയും ചെയ്തു. ക്യൂബയിൽ കുടുങ്ങിക്കിടക്കുന്ന ഏകദേശം 3,000-ത്തോളം യാത്രക്കാരെ കൊണ്ടുവരാൻ കമ്പനി പ്രത്യേകം വിമാനങ്ങൾ അയക്കുന്നുണ്ട്. വെസ്റ്റ് ജെറ്റ് , സൺവിംഗ് വെക്കേഷൻസ് എന്നീ കമ്പനികളും തങ്ങളുടെ യാത്രാ നിബന്ധനകളിൽ ഇളവുകൾ വരുത്തിയിട്ടുണ്ട്. അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന എണ്ണ ഉപരോധത്തെ തുടർന്നാണ് ക്യൂബയിലെ ഊർജ്ജ പ്രതിസന്ധി രൂക്ഷമായത്. ഏകദേശം 1.1 കോടിയോളം വരുന്ന ജനങ്ങളുടെ ദൈനംദിന ജീവിതം ഇതോടെ ദുസ്സഹമായിരിക്കുകയാണ്.